 മണ്ണിട്ട് നികത്താൻ ശ്രമിച്ച കുളം.
മണ്ണിട്ട് നികത്താൻ ശ്രമിച്ച കുളം.
വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി
കാഞ്ഞാണി: കണ്ടശ്ശാംകടവ് 16-ാം വാർഡിൽ തണ്ണീർത്തടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി. നികത്തൽ നിറുത്തിവയ്ക്കുന്നതിനായി വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മൊ നൽകി. വള്ളൂർ അകായ് ദേശത്ത് സുധിഷ് കോക്കാട്ട് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളമാണ് നികത്താൻ ശ്രമിച്ചത്.
ഈ പ്രദേശം വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശമാണെന്നും തണ്ണീർത്തടമായ കുളം നികത്തിയാൽ രൂക്ഷമായ വെള്ളക്കെട്ടും കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് വാർഡ് അംഗമായ സിമി പ്രദിപ് പറഞ്ഞു. എന്നാൽ വീടിന്റെ മതിൽ സംരക്ഷിക്കാൻ വേണ്ടി സൈഡിൽ മണ്ണ് ഇടാൻ ശ്രമിച്ചതാണെന്നും കുളം വൃത്തിയാക്കി സംരക്ഷിക്കുമെന്നും ഉടമ സുധിഷ് കോക്കാട്ട് പറഞ്ഞു.
കുളം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണലൂർ പഞ്ചായത്തിൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിരെ പരാതിപ്പെട്ടാൽ വില്ലേജ് അധികൃതർ നൽകുന്ന സ്റ്റോപ്പ് മെമ്മോ പ്രഹസനമാണെന്നും ഇതിനെതിരെ തുടർനടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആരോപണവുമുണ്ട്.