
തൃശൂർ: സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിലാണ് നാം ഇപ്പോഴുമുള്ളതെന്നും അവയ്‌ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. തേക്കിൻകാട് മൈതാനിയിൽ 73-ാം റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു പരേഡ്. തൃശൂർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ് ഇൻസ്‌പെക്ടർ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, എക്‌സൈസ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകൾ അണിനിരന്നു.
സബ് ഇൻസ്‌പെക്ടർമാരായ എം. സുഭാഷ് , കെ. ഗിരീഷ് കുമാർ, ഗീതുമോൾ എന്നിവർ പൊലീസ് പ്ലാറ്റൂണുകൾക്കും എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. രാജേഷ് എക്‌സൈസ് പ്ലാറ്റൂണിനും നേതൃത്വം നൽകി.
കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്‌ഗ്രേ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എം.കെ. വർഗീസ്, അസി. കളക്ടർ സുഫിയാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.
പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. ശോശാമ്മ ഐപ്പ് പരേഡിൽ അതിഥിയായി എത്തിയിരുന്നു. മന്ത്രിയും കളക്ടറും ശോശാമ്മ ഐപ്പിനെ അഭിനന്ദിച്ചു. വെച്ചൂർ പശുക്കളെക്കുറിച്ച് എഴുതിയ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകം അവർ മന്ത്രിക്കും കളക്ടർക്കും നൽകി.