ezhu

തൃശൂർ: കൊവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉത്സവ നടത്തിപ്പുകാർ ആശങ്കയിൽ. പ്രതിദിന രോഗനിരക്ക് കറഞ്ഞാലേ ആനകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ജില്ലയിൽ ഏറ്റവും കൂടുതൽ ഉത്സവങ്ങൾ നടക്കുന്ന മാസങ്ങളാണ് ഫ്രെബ്രുവരിയും മാർച്ചും.

മകര ഭരണി, ഉച്ചാൽ മഹോത്സവം, പതിനെട്ടരക്കാവ് വേല എന്ന കുംഭ ഭരണി, പെരിങ്ങോട്ടുകര ഉത്സവം, ഉത്രാളിക്കാവ് പൂരം, മഹാശിവരാത്രി, ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയെന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം തുടങ്ങി നൂറുക്കണക്കിന് ക്ഷേത്രങ്ങളിൽ ഈ മാസം തന്നെയാണ് ഉത്സവം. ഫെബ്രുവരി അവസാനത്തിലാണ് ഉത്രാളിക്കാവ് പൂരം.

വടക്കാഞ്ചേരി, കുമരനെല്ലൂർ, എങ്കക്കാട് വിഭാഗങ്ങളെല്ലാം പൂരത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 16നാണ് ആറാട്ടുപുഴ പൂരം, തൃപ്രയാർ, ഊരകം, ആറാട്ടുപുഴ, ചേർപ്പ് തുടങ്ങി 24 ക്ഷേത്രങ്ങളാണ് ആറാട്ടുപുഴ പൂരത്തിന്റെ പങ്കാളിത്ത ക്ഷേത്രങ്ങൾ. ഇവിടങ്ങളിൽ എല്ലാം തന്നെ വിവിധ സ്ഥലങ്ങളിൽ ആറാട്ടും പറയെടുപ്പും നടക്കുന്നുണ്ട്. പറയെടുപ്പ്, ആറാട്ട് എന്നീ ആചാരങ്ങൾ നടത്തുന്നതിനായി അധികം ദൂരത്തേക്കല്ലാതെ ഒരു ആനയെ അനുവദിക്കും.
കൊവിഡ് രൂക്ഷമായ കഴിഞ്ഞവർഷങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ആചാരാനുഷ്ഠാനങ്ങൾ നടത്തിയെങ്കിൽ അവയ്ക്കും ഇത് ബാധകമാണ്. ജില്ലയിൽ പൊതുയോഗങ്ങൾ നടത്താൻ അനുവാദമില്ലാത്ത സാഹചര്യത്തിൽ, ഉത്സവങ്ങൾക്ക് ചടങ്ങുകൾ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് ഒരു ആനയെ മാത്രം അനുവദിച്ചിട്ടുണ്ട്. രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളിൽ ആചാരം നടത്തുന്നതിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം. ഇതിനായി തൃശൂർ ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രത്യേക അനുവാദം വാങ്ങണം. നിലവിൽ ജില്ല ബി കാറ്റഗറിയിലാണ്.
കൊവിഡ് രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. രണ്ട് ദിവസം അയ്യായിരത്തിന് മുകളിൽ പ്രതിദിന രോഗികളുടെ എണ്ണം വന്നിരുന്നു. ടി.പി.ആർ 30 ശതമാനത്തിന് താഴെ എത്തിയാൽ മാത്രമെ ആനകളുടെ എണ്ണം കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കൂവെന്നാണ് കഴിഞ്ഞയാഴ്ച ചേർന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.


സാഹചര്യങ്ങൾ അനുകൂലമായാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ മോണിറ്ററിംഗ് കമ്മിറ്റി ചേരും. നേരത്തെ കൊവിഡ് വ്യാപനം കുറഞ്ഞപ്പോൾ 11 ആനകളെ വരെ എഴുന്നള്ളിക്കാൻ അനുമതി നൽകിയിരുന്നു. ആനകളെ എഴുന്നള്ളിക്കുന്നവർ ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി വാങ്ങണം

- ബി.സജീഷ് കുമാർ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ