
തൃശൂർ: അഭിനന്ദനങ്ങളുമായി കാണാൻ എത്തുന്നവരോട് വെച്ചൂർ പശുവിന്റെ വിശേഷങ്ങൾ പങ്കുവച്ച് പദ്മശ്രീ ശോശാമ്മ ഐപ്പ്. കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, വെറ്ററിനറി കോളേജ് ഉദ്യോഗസ്ഥർ, സംഘടനാ നേതാക്കൾ... എല്ലാവരോടും അവർക്ക് പറയാനുള്ളത് കേരളത്തിന്റെ മറ്റ് തനത് ഇനങ്ങളെയും സംരക്ഷിക്കണം എന്നാണ്. മൃഗസംരക്ഷണമെന്നാൽ ഡോ. ശോശാമ്മയ്ക്ക് പ്രകൃതി സംരക്ഷണം തന്നെയാണ്.
മണ്ണും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് മൃഗപരിപാലനമെന്നും മൃഗങ്ങളെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും അവർ കേരളകൗമുദിയോട് പറഞ്ഞു. മൃഗങ്ങളോട് ഇണക്കി വളർത്തിയാൽ കുട്ടികൾക്ക് വിഷാദമുണ്ടാകില്ല അവർ കൂട്ടിച്ചേർത്തു. മുതിർന്നവരുടെ പെരുമാറ്റത്തിലൂടെ മൃഗങ്ങളെക്കുറിച്ച് കുട്ടികളിൽ ഭയം ജനിപ്പിക്കരുത്. പുതു തലമുറയ്ക്ക് താല്പര്യമുണ്ടെങ്കിലേ തനത് മൃഗസമ്പത്ത് നിലനിൽക്കൂ.
എട്ടിൽ നിന്ന് പതിനായിരത്തിലേക്ക്
വെച്ചൂർ പശുവിനെ കണികാണാൻ കിട്ടാത്ത സാഹചര്യത്തിലാണ് അതിന്റെ സംരക്ഷണം ഏറ്റെടുത്തത്. വെച്ചൂരിനെപ്പറ്റി കർഷകരെ ബോദ്ധ്യപ്പടുത്താൻ കഴിഞ്ഞു. അങ്ങനെ എട്ടെണ്ണത്തിന്റെ തുടങ്ങിയ പരിപാലനം ഇപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തുമായി 10,000ൽ എത്തി. കർഷകരാണ് സംരക്ഷകർ. കാസർകോട് കുള്ളനും ചെറുവള്ളി പശുക്കളുമൊക്കെ വെച്ചൂരിനെപ്പോലെ സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു. കോട്ടയത്ത് 14 കൊല്ലം മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് ശോശാമ്മ 1977ൽ തൃശൂർ വെറ്ററിനറി കോളേജിലെത്തിയത്. തുടർന്ന് ഗവേഷണം നടത്താനുള്ള സാഹചര്യം തെളിഞ്ഞു.
വെച്ചൂർ പശുക്കളുടെ ദയനീയ സ്ഥിതി അറിഞ്ഞപ്പോൾ സംരക്ഷിക്കാൻ വിദ്യാർത്ഥികളും ചേർന്നു. ബാല്യകാലത്ത് കുട്ടനാട്ടിലെ വീട്ടിൽ വെച്ചൂർ പശുക്കളെ കണ്ട് വളർന്ന ശോശാമ്മ സർവകലാശാലയിലെത്തിയപ്പോൾ അവയ്ക്കുള്ള പദ്ധതിയുടെ ഉപജ്ഞാതാവായി. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൃഗ പ്രജനന ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. കാർഷിക സർവകലാശാലയിൽ ജനറ്റിക്‌സ് ആൻഡ് അനിമൽ ബ്രീഡിംഗ് വകുപ്പ് മേധാവിയായി. പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിന്റെ സജീവ പ്രവർത്തകയാണ്. വെറ്ററിനറി കോളേജിലെ സർജനായിരുന്ന പരേതനായ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്. മക്കൾ: ഡോ. റെബേക്ക വർഗീസ് (യു.എസ്.എ), ജോർജ് എബ്രഹാം (സിവിൽ എൻജിനിയർ, ടൊറൊന്റോ). വെച്ചൂർ കൺസർവേഷൻ ട്രസ്റ്റിന്റെ പ്രവർത്തകയാണ്.
അനുമോദനങ്ങൾക്ക് നടുവിൽ പദ്മശ്രീ ശോശാമ്മ
തൃശൂർ: പദ്മശ്രീ ലഭിച്ച ഡോ. ശോശാമ്മ ഐപ്പിന് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ ജന പ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അഭിനന്ദന പ്രവാഹം. മന്ത്രി ചിഞ്ചുറാണി ഇന്നലെ ടെലിഫോണിൽ അഭിനന്ദനം അറിയിച്ചു. മന്ത്രി ആർ. ബിന്ദുവും മേയർ എം.കെ. വർഗീസും വീട്ടിലെത്തി അഭിനന്ദിച്ചു.
സർക്കാരിന് വേണ്ടി ബുധനാഴ്ച റവന്യൂ മന്ത്രി കെ. രാജൻ ആദരിച്ചിരുന്നു. വംശനാശ ഭീഷണി നേരിട്ടിരുന്ന വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നതിനായി ഡോ. ശോശാമ്മ ഐപ്പ് നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഈ അംഗീകാരമെന്ന് മന്ത്രി പറഞ്ഞു. കളക്ടർ ഹരിത വി. കുമാറും ആദരിച്ചു. ടി.എൻ. പ്രതാപൻ എം.പി വീട്ടിലെത്തി അനുമോദിച്ചു. വെച്ചൂർ പശുക്കളെ സംരക്ഷിക്കാൻ കേന്ദ്ര തലത്തിൽ പുതിയ പദ്ധതിക്ക് രൂപം നൽകണമെന്ന ഡോ. ശോശാമ്മയുടെ ആവശ്യം സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് പ്രതാപൻ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് എം.യു. മുത്തങ്ങൾ എന്നിവർ പൊന്നാട അണിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ഡോ. ഇർഷാദ് തുടങ്ങിയവരും വീട്ടിലെത്തി അനുേമാദിച്ചു.