covid

തൃശൂർ: കൊവിഡും വകഭേദമായ ഒമിക്രോണും വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജയിലുകളിലടക്കം വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ സംസ്ഥാനത്തെ 54 ജയിലുകളിൽ ഉള്ളവർക്കും ഉച്ചയ്ക്കുശേഷം കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കും ഓൺലൈനിലൂടെ ബോധവത്കരണം നടത്തി. ഒമിക്രോൺ വ്യാപനത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും അവർക്കുള്ള മറുപടികളുമായിരുന്നു പ്രധാനമായും നടന്നത്. സംസ്ഥാനത്തെ നിരവധി ജയിലുകളിൽ തടവുകാർക്കും ഉദ്യോഗസ്ഥർക്കുമടക്കം നൂറുക്കണക്കിന് പേർക്ക് എതാനും ദിവസങ്ങൾക്കുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പൂജപ്പൂര സെൻട്രൽ ജയിലിൽ മാത്രം ഇരുനൂറിലേറെ പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ രോഗികൾ ജയിലുകളിൽ ഉണ്ടായാൽ അവിടെ തന്നെ ഐസോലേഷൻ വാർഡുകൾ ആരംഭിക്കുന്നതിനും നിർദ്ദേശിച്ചു. ജയിൽ ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബാണ് ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ (ടെയിംനിംഗ് ) ഡോ. കെ.ജെ. റീന , ഡോ. അമർ, ഡോ. ജിതേഷ്, ട്രെയിനിംഗ് വിഭാഗം നോഡൽ ഓഫീസർ ഡോ. ദിവ്യ എന്നിവർ ക്ലാസെടുത്തു.

ജയിലുകളിലെ സൂപ്രണ്ടുമാർ, ജോയിന്റ് സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു. ജയിൽ വകുപ്പിന് നൽകിയ ബോധവത്കരണത്തിൽ 450ഓളം പേർ പങ്കെടുത്തു. കെ.എസ്.ആർ.ടിയിലും ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പേർ പങ്കെടുത്തു.


എല്ലാ സർക്കാർ വകുപ്പുകളിലും ഇത്തരം ബോധവത്കരണ നടത്താനാണ് ഉദ്ദേശിക്കുന്നത്. ജയിൽ അന്തേവാസികൾക്കായി അടുത്ത ദിവസങ്ങളിൽ ഇത്തരത്തിലുള്ള ബധവത്കരണം നടത്താനും ഉദ്ദേശിക്കുന്നുണ്ട്

- ഡോ.കെ.ജെ.റീന , ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ (ടെയിംനിംഗ്)