
തൃശൂർ: കൊവിഡിന്റെ അതിതീവ്രവ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻപഠനം ആരംഭിച്ച സാഹചര്യത്തിൽ എൽ.പി, യു.പി, വിദ്യാർത്ഥികൾക്കും ഉടൻ ജി സ്യൂട്ട് പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസുകൾ ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കം വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിക്കഴിഞ്ഞു. ക്ലാസിൽ മറ്റുള്ളവർക്ക് നുഴഞ്ഞു കയറാൻ സാധിക്കില്ലെന്നതും അനുവാദമില്ലാതെ പ്രവേശിക്കുന്നവരെ നിരീക്ഷിക്കാൻ കഴിയുമെന്നതുമാണ് ജി സ്യൂട്ടിന്റെ പ്രധാന സവിശേഷത.
ഓൺലൈൻ പഠനത്തിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഇന്ത്യയുടെ സഹായത്തോടെ പൊതു വിദ്യാലയങ്ങളിലെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ പൊതുപ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടു വരാനായി കൈറ്റ്‌സ് വിക്ടേഴ്‌സിന്റെ കീഴിൽ ജി സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ ട്രയൽ നടന്നത് കഴിഞ്ഞ ജൂലായിലായിരുന്നു.
നിലവിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കാണ് ജി സ്യൂട്ട് വഴി ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ജി സ്യൂട്ടിൽ ലോഗിൻ ചെയ്തിട്ടുണ്ട്.
ഗുണങ്ങൾ:
വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്
ക്ലാസ് റൂം ലേണിംഗ് മാനേജ്‌മെന്റ് സിസ്ര്
അസൈൻമെന്റ്, സെമിനാറുകൾ, ക്വിസ് എന്നിവ അപ്ലോഡ് ചെയ്ത് മൂലനിർണയം നടത്താം.
വേർഡ് പ്രോസസിംഗ്, പ്രസന്റേഷൻ, സ്പ്രഡ്ഷീറ്റ്, ഡ്രോയിംഗ് എന്നിവ നടത്താം
അതേസമയം, ഡിജിറ്റൽ പഠനം സ്മാർട്ടാക്കാനുളള പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ വായന മെച്ചപ്പെടുത്താനും സർഗ്ഗാത്മക പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നിവയിലൂടെ അവരെ ഊർജ്ജസ്വലരും കർമ്മനിരതരുമാക്കാനാണ് ലക്ഷ്യം. ജില്ലയിലെ രക്ഷിതാക്കളുടെയും ക്ലാസ് പി.ടി.എ യോഗത്തിൽ ഭൂരിഭാഗം വരുന്ന മാതാപിതാക്കളും ഓൺലൈൻ ക്ലാസുകൾ നീളുന്നതിലെ ആശങ്കയാണ് പങ്കിട്ടത്. ലോക്ഡൗൺ കാലത്ത് സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമകളായ വിദ്യാർത്ഥികൾ കൂടിവരികയാണെന്നായിരുന്നു യോഗത്തിലെ പൊതുഅഭിപ്രായം.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഓൺലൈനായാണ് നടത്തിയത്. എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ആമുഖത്തിന്റെ കോപ്പി വാട്‌സ്ആപ്പ് വഴി എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കിയിരുന്നു. സ്‌കൂൾ തലത്തിൽ ക്വിസ് , ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം തുടങ്ങി നിരവധി മത്സര പരിപാടികളും നടത്തി. 30 ന് മഹാത്മഗാന്ധി രക്തസാക്ഷിത്വദിനം വരെയുള്ള ദിവസങ്ങളിൽ ഗാന്ധി സാഹിത്യം, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര വായന, കുറിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര സമര സേനാനികളുടെ പ്രച്ഛന്നവേഷാവതരണം, ക്വിസ് മത്സരം എന്നിവ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രൈമറി അദ്ധ്യാപകർക്ക് ജി സ്യൂട്ടിൽ പരിശീലനം ഉടൻ നടത്തും. സാമൂഹ്യമാദ്ധ്യമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് ഹൈസ്‌കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവത്ക്കരണ ക്ലാസ് നൽകിയിട്ടുണ്ട്.- ടി.വി. മദനമോഹനൻ, ഡി.ഡി.ഇ.