ചാവക്കാട്: തീരദേശം മാരകമായ മയക്കുമരുന്ന് ലഹരിയിൽ അമരുന്നു. നിരവധി യുവാക്കളാണ് മേഖലയിൽ ലഹരിക്ക് അടിമകളാവുന്നത്. കഞ്ചാവ്, ബ്രൗൺ ഷുഗർ, എം.ഡി.എം.എ തുടങ്ങീ ലോകത്ത് കിട്ടുന്ന മാരകമായ ഭൂരിഭാഗം മയക്കുമരുന്നുകളുടെയും വിൽപ്പനയും ഉപയോഗവും ഇവിടങ്ങളിൽ നടന്നുവരുന്നതായാണ് പൊലീസിന് ലഭ്യമാകുന്ന വിവരം. കടപ്പുറം ഗ്രാമ പഞ്ചായത്ത് തൊട്ടാപ്പ് സുനാമി കോളനിയിലെ താമസക്കാരായ ഏതാനും യുവാക്കൾ മയക്കുമരുന്ന് വിൽപ്പനയുടെ പ്രധാന കണ്ണികളിൽപ്പെട്ടവരാണ്. വർഷങ്ങളായി നിരവധി മയക്കുമരുന്ന് കേസുകളാണ് ഇവിടെ നിന്നും പൊലീസ് പിടികൂടിയിട്ടുള്ളത്. ചെറുപ്രായക്കാരെയും മറ്റും മയക്കുമരുന്നിന് അടിമപ്പെടുത്തുകയും പിന്നീട് ഇവരെ ഉപയോഗിച്ച് കച്ചവടം നടത്തുകയുമാണ്. ഇത്തരത്തിലുള്ള ചെയിനുകൾ സുനാമി കോളനിയിൽ നിരവധിയാണ്. ചിലരുടെ ഒത്താശയോടെ വൻ കഞ്ചാവ്, മാരക മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ സുനാമി കോളനിയായ ഇവിടെ 221 ഓളം വീടുകളുണ്ട്. ഭൂരിഭാഗം വീടുകളിലും ആൾത്താമസമുണ്ടെങ്കിലും സർക്കാർ അനുവദിച്ച വീടുകൾ പലരും വാടകയ്ക്ക് നൽകി പുറത്തു നിന്നുള്ളവരെ താമസിപ്പിക്കുകയാണ്. കോളനിയിലെ ഒരോ വീട്ടുകാർക്കും പുറത്തേക്ക് ഗതാഗത സൗകര്യമുള്ള റോഡുകൾ ഉള്ളതിനാൽ കോളനിയുടെ ചുറ്റുമുള്ള നിരവധി റോഡുകളിലേക്ക് എത്തിപ്പെടാൻ എളുപ്പമാമ്. കോളനിയുടെ കിഴക്ക് മത്തിക്കായലാണ്. കായലിന് സമാന്തരമായി റോഡുകളും പാലങ്ങളുമുണ്ട്. ഇതിനാൽ ലഹരിയുമായി ബന്ധപ്പെട്ടവരെ പിടികൂടാൻ പൊലീസിന് പലപ്പോഴും കഴിയാറില്ല. പൊലീസോ എക്‌സൈസോ എത്തുമ്പോഴേക്കും ചുറ്റുമുള്ള സമാന്തര റോഡുകളിലൂടെ മയക്കുമരുന്ന് ലോബികൾ രക്ഷപ്പെടുകയാണ്. കോളനിയിലെ ചില സ്ത്രീകളും മയക്കുമരുന്ന് വിൽപ്പനയുമായി രംഗത്തുള്ളതായി പറയുന്നു.
അടഞ്ഞു കിടക്കുന്ന വീടുകളും കെട്ടിടങ്ങളുടെ ടെറസും മത്തിക്കായൽ പരിസരങ്ങളും എല്ലാം മയക്കുമരുന്ന് മാഫിയകളുടെ താവളമാണ്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സുനാമി കോളനിയിലും പരിസരങ്ങളിലും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മയക്കു മരുന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തെകുറിച്ചും വിൽപ്പനക്കാരെകുറിച്ചും വിവരം ലഭിച്ചതായി അറിയുന്നു. സമഗ്രമായ അന്വേഷണം നടക്കുന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്നു മാഫിയയെ തുരത്താൻ തന്നെയാണ് പൊലീസിന്റെ തീരുമാനം.
തീരദേശത്ത് അടുത്തകാലത്തായി നിരവധി കേസുകളാണ് പിടികൂടിയത്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ഡൽഹിയിൽ നിന്നും വന്ന പ്രത്യേക സ്‌ക്വാഡ് വൻ മയക്കുമരുന്ന് ശ്യഖലയിലെ കണ്ണിയായ യുവാവിനെ ഒരു മാസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണെന്ന് പറയപ്പെടുന്നു. സുനാമി കോളനിയടക്കമുള്ള തൊട്ടാപ്പ് പ്രദേശത്തെ മയക്കുമരുന്ന് ലോബിയെ പിടികൂടാൻ സുനാമി കോളനി കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്. വളർന്ന് വരുന്ന യുവ സമൂഹത്തെ മദ്യ, മയക്കുമരുന്നിന് അടിമകളാക്കി മാറ്റുകയാണ് മാഫിയാ സംഘം. പുറത്ത് നിന്നുള്ള ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായി കോളനി മാറുകയാണ്. പൊലീസ് കേസുകളിൽപ്പെട്ട പലരുടെയും ഒളിത്താവളം കൂടിയാണ് ഇവിടം. കോളനിയിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട് പൊലീസ് ഏയ്ഡ് പോസ്റ്റിനായി ഉപയോഗിച്ച് മദ്യ, മയക്കുമരുന്ന് ലോബികൾക്കെതിരെ നടപടികൾ കൈകൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.