കൊടുങ്ങല്ലൂർ: രാജ്യത്ത് മൗലികാവകാശ ലംഘനമുണ്ടായാൽ അതിനെതിരെ ചോദ്യങ്ങളുയരുമെന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ഭരണഘടനാ പരമപ്രധാനമായി കാണുന്ന ഒന്നാണ് മൗലികാവകാശം. ഇന്ത്യൻ ഭരണഘടനാ പണ്ഡിതന്മാരുടെയും നിയമജ്ഞരുടെയും മാത്രം വിഷയമല്ല, ഏതൊരു പൗരനും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും തത്വങ്ങളെ കുറിച്ചും അറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കയ്പമംഗലം നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പരിപാടി ശാന്തിപുരം അബ്ദുറഹ്മാൻ സ്മാരക സ്‌കൂളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ അവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

26 മുതൽ ഫെബ്രുവരി 26 വരെ ഒരു മാസക്കാലയളവിൽ ഓൺലൈനായാണ് പഠനപരിപാടി നടത്തുക. എൽ.പി, യു.പി വിദ്യാർത്ഥികൾക്ക് ഒരു വിഭാഗമായും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് മറ്റൊരു വിഭാഗമായുമാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്ക് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഏർപ്പെടുത്തിയ അവാർഡുകൾ നൽകും. ഫെബ്രുവരി 28ന് ഈ ക്ലാസുകൾ അടിസ്ഥാനമാക്കി മണ്ഡലതലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും. പരിപാടിയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. അജ്മൽ ചക്കരപ്പാടം, എം.എസ്. മോഹനൻ, സുജാത, മഞ്ജു ജോസ്, സ്മിത, വി.എ. മൊയ്തീൻ ഷാ എന്നിവർ പങ്കെടുത്തു.