 ചന്തപ്പുര സിഗ്‌നലിൽ അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിയ സത്യഗ്രഹം.
ചന്തപ്പുര സിഗ്‌നലിൽ അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിയ സത്യഗ്രഹം.
ബൈപാസിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണെമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ അബ്ദുൾ ലത്തീഫ് സ്മൃതി നടത്തിവരുന്ന സത്യഗ്രഹം ജനശ്രദ്ധ നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌നത്തിൽ എൽ.ഡി.എഫ് ഇടപെടുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷം പിന്നിട്ടിട്ടും തെരുവ് വിളക്ക് സ്ഥാപിക്കാൻ കഴിയാത്തത് തികഞ്ഞ അനാസ്ഥയാണെന്നാണ് കൊടുങ്ങല്ലൂർ കൂട്ടായ്മ ആരോപിക്കുന്നത്. അബ്ദുൾ ലത്തീഫ് സ്മൃതി ദിവസവും ബൈപാസിലെ പ്രധാന സിഗ്‌നലുകളിൽ വൈകീട്ട് 6 മുതൽ 7.30 വരെ പ്രതിഷേധ സത്യഗ്രഹം നടത്തിവരികയാണ്.
സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികൃതരോട് എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. ബൈപാസ് ഉദ്ഘാടനത്തോടനുബന്ധിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അന്ന് ദേശീയപാത അധികാരികൾ ടെൻഡർ നൽകിയെങ്കിലും കരാറുകാരൻ കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് പദ്ധതി നടപ്പിലായില്ല.
തുടർന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ മുസ്‌രിസ് പ്രൊജക്ട് അധികാരികളുമായി ചർച്ച ചെയ്ത് 3.60 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഫണ്ട് അനുവദിച്ചിട്ടും പദ്ധതി നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നിഷേധിക്കുകയാണെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.
ബൈപാസിൽ നിരന്തരമായി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്ന സാഹചര്യത്തിൽ തെരുവ് വിളക്കുകൾ എത്രയും വേഗം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻസിപ്പൽ എൽ.ഡി.എഫ് ചെയർമാൻ കെ.ആർ. ജൈത്രൻ, സെക്രട്ടറി സി.കെ. രാമനാഥൻ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.