 
ചാലക്കുടി: മുടന്തി നീങ്ങുന്ന ദേശീയപാതയിലെ ചാലക്കുടി അടിപ്പാത നിർമ്മാണം അടുത്ത കാലവർഷത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി ബെന്നി ബെഹ്നാൻ എം.പി. പ്രൊജക്ട് ഓഫീസർ ബാലചന്ദ്രനും കരാർ ഏജൻസി പ്രതിനികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്. അല്ലാത്തപക്ഷം പാലിയേക്കരയിലെ ടോൾ പിരിവ് തടയുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുവാൻ ജനപ്രതിനിധികൾ നിർബന്ധിതരാകുമെന്നും എം.പി പറഞ്ഞു. കരാർ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ ഗുരുതര വീഴ്ചയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത്രയും കാലതാമസം വരുത്തിയതെന്ന് എം.പി തുടർന്ന് പറഞ്ഞു. പേരാമ്പ്ര, കൊടകര, പോട്ട, ചാലക്കുടി സൗത്ത്, ഹൗസിംഗ് ബോർഡ്, മുരിങ്ങൂർ ഡിവൈൻ മേൽപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് സാഹചര്യം പരിഹരിക്കണമെന്ന് നേരത്തെ റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എം.എൽ.എ സനീഷ്‌കുമാർ ആവശ്യപ്പെട്ടു.
സർവീസ് റോഡ്, കാന നിർമ്മാണം എന്നിവ പൂർത്തിയാക്കണമെന്ന് ചെയർമാൻ വി.ഒ. പൈലപ്പനും യോഗത്തിൽ ആവശ്യപ്പെട്ടു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, എബി ജോർജ്ജ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.