 
ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിലെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഡി.ടി.പി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. സമരത്തിന് മന്നോടിയായി ഗാർഡന് മുൻപിൽ പ്രദർശിപ്പിച്ച ഫ്‌ളക്‌സ് ബോർഡിൽ ഇതുസംബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.എം.സി യോഗം വിളിച്ചിട്ട് ആറുമാസമായെന്നും ഇത് എം.എൽ.എയുടെ അനാസ്ഥയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ഒന്നര പതിറ്റാണ്ട് മുൻപ് വരെ കാട് പിടിച്ചു കിടന്ന തുമ്പൂർമുഴി റിവർ ഗാർഡൻ പിന്നീട് വികസനത്തിൽ വലിയ മന്നേറ്റമാണ് നടത്തിയത്. പുഴയ്ക്ക് കുറുകെ തൂക്കുപാലവും ചിത്രശലഭ പാർക്കുമെല്ലാം സംസ്ഥാന വിനോദ സഞ്ചാരത്തിന് മാതൃകയായി. കേരളത്തിൽ ആദ്യമായി ജംഗിൾ സഫാരിക്ക് ഒരു വാഹനം വാങ്ങിയ ഡി.എം.സി അതിൽ നിന്നുള്ള ലാഭത്താൽ മറ്റ് രണ്ടു വാഹനങ്ങളും സ്വന്തമാക്കി. ഈയിനത്തിൽ മുക്കാൽ കോടി രൂപയോളം നീക്കിയിരിപ്പുമുണ്ടാക്കി. എന്നാൽ ഇപ്പോൾ ഇതെല്ലാം തകിടം മറിഞ്ഞു. ജില്ലാ ടൂറിസം അധികാരികളുടെ തന്നിഷ്ടവും പിടിവാശിയും അതിരപ്പിള്ളി ടൂറിസം കവാടമായ തുമ്പൂർമുഴിയെ പ്രതികൂലമായി ബാധിച്ചു. ഡി.എം.സി ചെയർമാനായ എം.എൽ.എ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നും ആരോപണമുയർന്നു. എത്രയും വേഗം കാര്യക്ഷമമായ പ്രവർത്തനം ഉണ്ടായില്ലെങ്കിൽ ഏറെ പ്രയത്‌നിച്ച് കെട്ടിപ്പൊക്കിയ തുമ്പൂർമുഴിയുടെ പേരും പെരുമയും ഓർമ്മയിലേക്ക് ചേക്കേറാൻ ഇടയാക്കും.