
കൊടുങ്ങല്ലൂർ: എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് നടത്താനുള്ള നീക്കം തടഞ്ഞതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ വ്യക്തമാക്കി. ക്ഷേത്രത്തിൽ ഫെബ്രുവരി അഞ്ചിന് ഉച്ചയോടെയാണ് കാൽകഴുകിച്ചൂട്ട് നിശ്ചയിച്ചിരുന്നത്. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപെട്ടതോടെ ഇക്കാര്യത്തിൽ വ്യക്തത വരും വരെ വിവാദച്ചടങ്ങ് നടത്തരുതെന്നാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം ബ്രാഹ്മണരെ സ്വീകരിച്ച് മഹാവിഷ്ണുവായി സങ്കൽപ്പിച്ച് പൂജ ചെയ്ത് ഭക്ഷണം നൽകുന്ന ചടങ്ങാണ് കാൽകഴുകിച്ചൂട്ട്. ക്ഷേത്രം തന്ത്രി പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിയുടെ നിർദ്ദേശ പ്രകാരമാണ് ഇത് നടത്താൻ നിശ്ചയിച്ചിരുന്നത്. ചടങ്ങ് നിശ്ചയിച്ചത് വിവാദമാവുകയും മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ ഉമേഷചള്ളിയിൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തതോടെ പ്രതിഷേധം രാഷ്ട്രീയ രംഗത്തും ഉടലെടുത്തു.കാൽ കഴുകിച്ചൂട്ട് വഴിപാടിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കത്തുനൽകിയിരുന്നു.
സംഘപരിവാർ അജണ്ടയുടെ ഭാഗമെന്ന് സി.പി.എം
ജാതിഭീകരതയെ വീണ്ടും പുന:പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് കാൽകഴുകിച്ചൂട്ട് വഴിപാടാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും നാരായണഗുരുവിന്റെ നാട്ടിൽ ചാതുർവർണ്ണ്യ വ്യവസ്ഥിതി അംഗീകരിക്കില്ലെന്നും സി.പി.എം എടവിലങ്ങ് ലോക്കൽകമ്മറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.