dhanya-
ഡോ.ആർ.എസ്. ധന്യ

തൃശൂർ: വ്യാജകറൻസികൾ ഒഴിവാക്കുന്നതിനായും കറൻസിയുടെ മൂല്യം നഷ്ടപ്പെടാതിരിക്കാനും 'ഡിജിറ്റലൈസ്ഡ് ഹൈ വാല്യൂ പേപ്പർ കറൻസി' വികസിപ്പിച്ചെടുത്ത ഡോ. ധന്യക്ക് അമേരിക്കൻ പേറ്റന്റ്.
റിസർവ് ബാങ്ക് അല്ലെങ്കിൽ സെൻട്രൽ ബാങ്ക് പ്രത്യേകമായി നിർമ്മിച്ച് പേപ്പർ കറൻസിയും ഓൺലൈൻ പോർട്ടലിലെ ഡാറ്റയുയും സംയോജിപ്പിക്കുന്നതാണ് ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസി. ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസിയുടെ ആദ്യ രജിസ്‌ട്രേഷൻ റിസർവ് ബാങ്ക് അല്ലെങ്കിൽ ഓരോ രാജ്യത്തിന്റെയും സെൻട്രൽ ബാങ്കിന് മാത്രമേ ചെയ്യാൻ കഴിയൂ. ഇതിനുശേഷം, ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസി ഇടപാടുകൾക്ക് തയ്യാറാകും. ഓരോ തവണയും ഡാറ്റ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ആകും. അതിനാൽ വ്യാജ കറൻസികൾ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ കഴിയില്ല.
വ്യാജ കറൻസിയെക്കുറിച്ചുള്ള വാർത്തകളും വ്യാജ കറൻസിയാണെന്ന് പറഞ്ഞ് കൈയിലുള്ള കറൻസി സ്വീകരിക്കാത്തതിന്റെ സ്വന്തം അനുഭവവുമാണ് ഡോ. ധന്യയെ ഈ കണ്ടുപിടിത്തത്തിലേക്ക് വഴിനടത്തിച്ചത്. ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസിയുടെ മൂല്യം 1 ലക്ഷം, 2, 5 ,10 ലക്ഷം എന്നിങ്ങനെ പല മൂല്യങ്ങളിൽ ലഭ്യമാക്കാം.

നേട്ടങ്ങൾ:

ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസിയുടെ എല്ലാ ഇടപാടുകളും ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ, എപ്പോൾ വേണമെങ്കിലും ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസി ഉടമയെ തിരിച്ചറിയാൻ എളുപ്പമാണ്. അതിനാൽ, മോഷണം, നഷ്ടപ്പെടൽ അല്ലെങ്കിൽ തീയിൽ കേടുപാടുകൾ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളിൽ, ഉടമയ്ക്ക് അതിന്റെ മൂല്യ പരിരക്ഷ ലഭിക്കും. നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസി മൂന്നാം കക്ഷിക്ക് ഉപയോഗിക്കാൻ കഴിയില്ല. എല്ലാ ഡാറ്റയും ഓൺലൈൻ പോർട്ടലിന്റെ ഡാറ്റാബേസിൽ ഉള്ളതിനാൽ ഡിജിറ്റലൈസ് ഹൈ വാല്യൂ പേപ്പർ കറൻസി ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും വളരെ എളുപ്പമാണ്.

വാഹനാപകടങ്ങളിലെ ആഘാതം കുറച്ച് ജീവനുകൾ രക്ഷിക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത കൊളിഷൻ ഇമ്പാക്ട് റെഡ്യൂസർ എന്ന സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ പേറ്റന്റ് അംഗീകാരം ഡോ. ധന്യക്ക് ലഭിച്ചിരുന്നു. ചാവക്കാട് സുരാധിൽ പീഡിയാട്രീഷ്യൻ ഡോ. രാമചന്ദ്രൻ കളരിക്കലിന്റെയും ഗൈനക്കോളജിസ്റ്റ് ഡോ. സൂര്യ രാമചന്ദ്രന്റെയും മകളാണ് ഡോ. ആർ.എസ്. ധന്യ. അക്കിക്കാവ് പി.എസ്.എം ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡെന്റിസ്ടി വിഭാഗത്തിൽ ഫാക്കൽറ്റിയാണ്.

ഡിജിറ്റലൈസ്സ് ഹൈ വാല്യൂ പേപ്പർ കറൻസിയുടെ ഇടപാടുകൾ ബാങ്കുകൾ, എ.ടി.എം, സി.ഡി.എം, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ ചെയ്യാം. കുറഞ്ഞ മൂല്യമുള്ള പേപ്പർ കറൻസിയും ഡിജിറ്റലൈസ് ചെയ്യാം. എല്ലാ കണ്ടുപിടുത്തങ്ങൾക്കും പ്രോത്സാഹനവും പിന്തുണയും ലഭിച്ചത് മാതാപിതാക്കളിൽ നിന്നാണ്.
- ഡോ. ആർ.എസ്. ധന്യ.