1

സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വസ്തുകൾ മറച്ചുവച്ചെന്ന് ആക്ഷേപം

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറിനൽകിയ സംഭവത്തിൽ ഉന്നത ജീവനക്കാരെ രക്ഷിച്ച് രണ്ട് സെക്യൂരിറ്റി സൂപ്പർവൈസർമാരെ മാത്രം ബലിയാടാക്കാൻ നീക്കം. സെക്യൂരിറ്റി സൂപ്പർവൈസർമാർ മാത്രമാണ് കുറ്റക്കാരെന്ന വിധമാണ് പ്രിൻസിപ്പലിന് സൂപ്രണ്ട് നൽകിയ പ്രാഥമിക റിപ്പോർട്ട്.

മൃതദേഹം വിട്ടുനൽകുമ്പോൾ ഹെഡ് നഴ്‌സ് ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടം വേണമെന്നത് പാലിച്ചിരുന്നില്ല. അതോടൊപ്പം ആർ.എം.ഒ അടക്കമുള്ളവർ കുറ്റക്കാരാണെന്നും ആക്ഷേപമുണ്ട്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൃതദേഹങ്ങൾ കൈമാറിയ സംഭവം ലഘൂകരിക്കുന്നതിൽ ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ട്.

മൃതദേഹങ്ങൾ വിട്ടുനൽകിയ സെക്യൂരിറ്റി സൂപ്പർവൈസർമാരായ അബ്ദുൾ ഖാദർ, ജിഷ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതിനിടെ ഒരു ജീവനക്കാരന്റെ ഇടപെടലിനെത്തുടർന്നാണ് പരിശോധന പോലുമില്ലാതെ മൃതദേഹം വിട്ടുനൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവം വിവാദമായപ്പോൾ പ്രശ്‌നം ഒതുക്കിത്തീർക്കാനുള്ള ശ്രമം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നടന്നത്രെ.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിലും മറ്റും ഗുരുതരവീഴ്ചയുണ്ടാകുക പതിവാണെന്നാണ് ആരോപണം. എന്നാൽ ഇവർ മൃതദേഹത്തിൽ പതിച്ച ലേബൽ അനുസരിച്ച് കൈമാറുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് അറിയുന്നത്. ആർ.എം.ഒ അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സംഭവം ഇങ്ങനെ

വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ, കുണ്ടിലയൂർ അഞ്ചാം കല്ല് സ്വദേശി സഹദേവൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കൊവിഡ് ബാധിച്ച് മരിച്ചത്. സഹദേവന്റെ ബന്ധുക്കൾക്ക് സെബാസ്റ്റ്യന്റെ മൃതദേഹം നൽകുകയായിരുന്നു. പരിശോധന നടത്താതെ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇവർ സംസ്‌കാരം നടത്തി. സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ആളുമാറി നൽകിയത് അറിഞ്ഞത്.

പരാതി ഒഴിയാതെ

എതാനും ദിവസം മുമ്പ് ചികിത്സയിരിക്കെ രോഗിമരിച്ച സംഭവത്തിൽ ഒരു മാസം കഴിഞ്ഞശേഷം ബന്ധുക്കളെ അറിയിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് പ്രവേശിക്കപ്പെട്ടവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും അറിയുന്നതിന് ബന്ധുക്കൾ അലയേണ്ട സ്ഥിതിയാണ്. കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ തന്നെ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.

തൃശൂർ മെഡിക്കൽ കോളേജിൽ മൃതദേഹം മാറിനൽകിയ സംഭവത്തിൽ ആർ.എം.ഒയ്‌ക്കെതിരെ നടപടിയെടുക്കണം. പിഴവ് പറ്റിയ അധികൃതർ രണ്ട് വാർഡൻമാർക്കെതിരെ നടപടിയെടുത്ത് സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്.

- എ. നാഗേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി

മെഡിക്കൽ കോളേജ് മോർച്ചറി ചുമതല ആർ.എം.ഒവിന് ആണെന്നിരിക്കെ രണ്ട് സുരക്ഷാ ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് പ്രശ്‌നം ലഘൂകരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. സമഗ്രാന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം.

- രാജേന്ദ്രൻ അരങ്ങത്ത്, കെ.പി.സി.സി സെക്രട്ടറി