general-
ജനറൽ ആശുപത്രിയിൽ കൊറോണറി കെയർ യൂണിറ്റ്

തൃശൂർ: ഹൃദയസംബന്ധമായ ഗുരുതരമായ അസുഖങ്ങളുള്ള രോഗികൾക്ക് സേവനം ലഭ്യമാക്കാനായി മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ലഭിച്ചിരുന്ന കൊറോണറി കെയർ യൂണിറ്റിന്റെ (സി.സി.യു) സേവനം ഇനി തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിലും. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം ലഭ്യമായി. ആയിരക്കണക്കിന് നിർദ്ധനരോഗികളുടെ ആശാകേന്ദ്രമായ ജനറൽ ആശുപത്രിയിൽ ഇതോടെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.

കാർഡിയോളജി വിഭാഗത്തിൽ ആരംഭിച്ച കൊറോണറി കെയർ യൂണിറ്റിന്റെ പ്രവർത്തനം ഇന്നലെ മുതൽ തുടങ്ങി. ആധുനിക സംവിധാനങ്ങളോടെയുളള കാത്ത് ലാബ് കഴിഞ്ഞ വർഷം സജ്ജമായിരുന്നു. നിർദ്ധനരോഗികൾക്ക് ഹൃദ്രോഗചികിത്സയ്ക്ക് ഏറെ സഹായകരമാകുന്ന ലാബ് കിഫ്ബിയിൽ നിന്ന് എട്ടുകോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഗവ. മെഡിക്കൽ കോളേജിന് പുറമേ കാത്ത് ലാബ് സംവിധാനമുളള രണ്ടാമത്തെ സർക്കാർ ആശുപത്രിയായിരുന്നു ജനറൽ ആശുപത്രി.

മേയർ എം.കെ. വർഗീസ് സി.സി.യുവിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാഹുൽ, തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. റീത്ത, ലേ സെക്രട്ടറി ടി.എസ്. ജ്യോതിഷ്, കാർഡിയോളജിസ്റ്റ് ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് തോമസ് എന്നിവരും പങ്കെടുത്തിരുന്നു.

ഹൃദ്രോഗസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാനായി കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സുമാരും ടെക്‌നീഷ്യൻമാരും ഉൾപ്പെടുന്ന സംഘം രോഗീപരിചരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേകമായി മോണിറ്ററുകൾ ഉപയോഗിച്ച് രോഗികളുടെ ഹൃദയസ്പന്ദനത്തിലുള്ള വ്യതിയാനം നിരീക്ഷിക്കാനും അതുവഴി സമയബന്ധിതമായി ശരിയായ ചികിത്സ ഉറപ്പാക്കാനും സി.സി.യു വഴി സാധിക്കും.

ഹൃദയാഘാതം സംഭവിച്ച രോഗികൾക്ക്
ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ ഹാർട്ട് ഫെയിലിയർ രോഗികൾക്ക്
ഹൃദയസ്പന്ദനങ്ങളിൽ വ്യതിയാനം ഉണ്ടാകുന്ന രോഗികൾക്ക്‌

ജനറൽ ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ആദ്യഗഡുവായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇരുപത് ലക്ഷം രൂപ പി. ബാലചന്ദ്രൻ എം.എൽ.എ അനുവദിച്ചത്. ആധുനിക ഉപകരണങ്ങളുടെ അപര്യാപ്തത മൂലം ശസ്ത്രക്രിയയ്ക്കുള്ള ബുക്കിംഗ് നിറുത്തിയതായുളള വാർത്തകളെ തുടർന്നാണ് എം.എൽ.എ പ്രശ്‌നത്തിൽ ഉടൻ ഇടപെട്ടത്. സർക്കാരിന് കീഴിലായിരുന്ന ആശുപത്രി 2016ലാണ് കോർപറേഷന് കൈമാറിയത്.