 
തിരുവില്വാമല: നറുക്കെടുപ്പിലൂടെ തിരുവില്വാമല പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിച്ചു. പ്രസിഡന്റായി കെ. പത്മജയും വൈസ് പ്രസിഡന്റായി എം. ഉദയനും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിലെ ബി.ജെ.പി ഭരണസമിതിക്കെതിരെ ജനുവരി 10, 11 തീയതികളിലായി അവിശ്വാസപ്രമേയം കൊണ്ടുവരികയും ഇടത് - വലതു മുന്നണികൾ ചേർന്ന് അവിശ്വാസം പാസാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും വിശ്വാസവോട്ടെടുപ്പ് നടന്നത്.
ഇന്നലെ രാവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ആറുവീതം വോട്ടുകളും സി.പി.എം അഞ്ച് വോട്ടുകളും നേടി. തുടർന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ കെ. പത്മജയുടെയും ബി.ജെ.പിയിലെ സ്മിത സുകുമാരന്റെയും പേരിൽ നടന്ന നറുക്കെടുപ്പിൽ പത്മജയ്ക്ക് നറുക്കുവീഴുകയായിരുന്നു.
ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ബി.ജെ.പിയും കോൺഗ്രസും വോട്ടിംഗിൽ തുല്യത പാലിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലേക്ക് നീണ്ടു. കോൺഗ്രസിലെ എം. ഉദയനും ബി.ജെ.പിയിലെ ബാലകൃഷ്ണനും വേണ്ടി നടന്ന നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും കോൺഗ്രസിനെ തുണച്ചു. ഇതോടെ എം. ഉദയൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ബി.ജെ.പി ഭരണസമിതിയും അധികാരത്തിലെത്തിയത് നറുക്കെടുപ്പിലൂടെയായിരുന്നു. നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചപ്പോൾ ഇക്കുറി ഭാഗ്യം കോൺഗ്രസിനെ തുണയ്ക്കുകയായിരുന്നു.