vazhiyidam

എസ്.എൻ പുരം മാർക്കറ്റിൽ നിർമ്മിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചാത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എൻ പുരം മാർക്കറ്റിൽ വഴിയിടം എന്ന പേരിൽ നിർമ്മിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കും, നവീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. 2021- 22 വാർഷിക പദ്ധതിയുടെ ഭാഗമായി 7,50,000 രൂപയാണ് പദ്ധതിയ്ക്കായി പഞ്ചായത്ത് വകയിരുത്തിയത്.

മാർക്കറ്റിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പൊതുജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് പദ്ധതി പ്രകാരം സാക്ഷാത്കരിക്കപ്പെട്ടത്. എസ്.എൻ പുരം മാർക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വഴിയിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എ. അയൂബ്, മിനി പ്രദീപ്, പി.എ. നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുൾ ജലീൽ, മിനി ഷാജി, ടി.എസ്. ശീതൾ, ഷീന രാജൻ തുടങ്ങിയവർ സംസാരിച്ചു.