prekashnam
കൊച്ചി സെൻട്രൽ റീജ്യൺ പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് സ്‌പെഷ്യൽ തപാൽ കവർ വി.ആർ. സുനിൽകുമാർ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: പൈതൃകത്തിന്റെയും പഴമയുടെയും പ്രതീകമുണർത്തി രാജ്യത്തെ ആദ്യ ജുമാമസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിന്റെ സ്‌പെഷ്യൽ തപാൽകവറും സ്റ്റാമ്പും പുറത്തിറക്കി. മുസിരിസ് പൈതൃക പദ്ധതിക്കായി തപാൽ വകുപ്പാണ് സ്‌പെഷ്യൽ സ്റ്റാമ്പും കവറും പുറത്തിറക്കിയത്. മുസിരിസ് മുദ്രയും, ചേരമാൻ പള്ളിയുടെ ചിത്രവും ആലേഖനം ചെയ്തതാണ് 'മൈ സ്റ്റാമ്പ്'.

പള്ളിയുടെ പൈതൃകം വിളിച്ചോതുന്ന ചിത്രവും, ചരിത്രം പറയുന്ന ലഘുവിവരണവും തപാൽ കവറിലുണ്ട്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പഴമയുടെ പ്രൗഢി വീണ്ടെടുത്തുകൊണ്ടുള്ള പുനരുദ്ധാരണം ചേരമാൻ മസ്ജിദിൽ പൂർത്തിയായി വരികയാണ്. മസ്ജിദ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊച്ചി സെൻട്രൽ റീജ്യൺ പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയ്ക്ക് സ്‌പെഷ്യൽ തപാൽ കവർ നൽകി പ്രകാശനം നടത്തി.

നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ചേരമാൻ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് സൈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യും, മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലിം നദവി, പോസ്റ്റ് ഇൻസ്‌പെക്ടർ രജിനി യു.എസ്, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, സജീവ് എസ്, മസ്ജിദ് മാനേജർ എ.ബി. ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.