 നാട്ടുകാരോടൊപ്പം ടുലിപ് ലത്തീഫ് സമരം ചെയ്യുന്നു.
നാട്ടുകാരോടൊപ്പം ടുലിപ് ലത്തീഫ് സമരം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ബൈപാസ് റോഡ് സുരക്ഷിതമാക്കുന്നതിനു വേണ്ടി മാസങ്ങളോളം ബൈപാസിലും വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലും ഒറ്റയാൾ സമരം ചെയ്ത അബ്ദുൾ ലത്തീഫിന്റെ പാത പിന്തുടർന്ന് മകൻ ടുലിപ് ലത്തീഫും.
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മറ്റൊരു മകനായ ടുത്തിൽ ലത്തീഫുമൊത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കവെ സമീപ റോഡിൽ കെ.എസ്.ആർ.ടി.സി ബസുമായുണ്ടായ അപകടത്തിൽ ജനുവരി 16നാണ് അബ്ദുൾ ലത്തീഫ് മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ട മകൻ ടുത്തിൽ ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. പിതാവിന്റെ മരണത്തിനും സഹോദരന്റെ ആശുപത്രി വാസത്തിനുമിടയിലാണ് ടുലിപ് പടാകുളം സിഗ്‌നലിൽ പിതാവിന്റെ സമര തുടർച്ച അനിവാര്യമാണെന്ന് കണ്ട് നാട്ടുകാരോടൊപ്പം പിതാവ് അബ്ദുൾ ലത്തീഫിന്റെ സമരായുധമായിരുന്ന റാന്തലും പ്ലക്കാർഡും കൈകളിലേന്തി സമരം ചെയ്തത്. കെ.സി. സുധാകരൻ, എ.എം. അബ്ദുൾ ജബ്ബാർ, സുലൈഖ ബഷീർ, നജു ഇസ്മയിൽ, കെ.ആർ. വിജയകുമാർ, മൊയ്തീൻ എടച്ചാൽ, മിനി ശശികുമാർ തുടങ്ങിയവർ സമരത്തിൽ പങ്കാളികളായി.