കൊടുങ്ങല്ലൂർ: കേരളത്തിൽ സാമൂഹ്യ പരിഷ്‌കർത്താക്കളും നവോത്ഥാന നായകരും നടത്തിയ നിരന്തര സമരത്തിലൂടെ നേടിയെടുത്ത നവോത്ഥാനമൂല്യങ്ങൾ ആസൂത്രിതമായി ചവിട്ടിമെതിക്കുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കേരള യുക്തിവാദി സംഘം കുറ്റപ്പെടുത്തി. എടവിലങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ കാൽ കഴുകിച്ചൂട്ട് നടത്തുന്നതും ഗുരുവായൂർ ക്ഷേത്രത്തിൽ പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നതും കേരളത്തിൽ ബ്രാഹ്മണ്യം പുന:സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും യുക്തിവാദി സംഘം ആരോപിച്ചു. ജാത്യാചാരം ലംഘിച്ചുകൊണ്ട് നാരായണഗുരു അരുവിപ്പുറത്ത് ഈഴവ ശിവനെ പ്രതിഷ്ഠിച്ചതോടെയാണ് നമ്പൂതിരിമാർ ചെയ്യുന്നതെന്തും വിശിഷ്ടമാണെന്ന തോന്നലിന് മാറ്റം വന്നത്. ഒട്ടേറെ അനാചാരങ്ങൾക്കാപ്പം ഒട്ടേറെ ഹീന ദൈവങ്ങളെയും നാരായണ ഗുരു സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്തിട്ടുണ്ട്. ഗുരു പിഴുതെറിഞ്ഞ ജാത്യാചാരങ്ങളെ പുനപ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികളുമായി മുമ്പോട്ടു പോകാൻ കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ഗംഗൻ കണ്ണൂർ, ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ എന്നിവർ അറിയിച്ചു.