പാവറട്ടി: വീതി നന്നെ കുറഞ്ഞതും നടപ്പാതയും കാനയുമില്ലാത്തതുമായ പാവറട്ടി-പറപ്പൂർ-അമല നഗർ വഴിയുള്ള പൊതുമരാമത്ത് റോഡ് വീതി കൂട്ടി കാര്യക്ഷമമാക്കണമെന്ന ആവശ്യം ഈ റോഡിനോളം തന്നെ പഴക്കമുള്ളതാണെങ്കിലും അധികൃതർ കേട്ട മട്ടില്ല. ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്കുള്ള ദൂരം കുറഞ്ഞ റൂട്ടാണ് പാവറട്ടി-പറപ്പൂർ-അമല നഗർ വഴിയുള്ള പൊതുമരാമത്ത് റോഡ്. 8 മീറ്റർ മിനിമം വീതിയില്ലാത്ത ജില്ലയിലെ ഏറ്റവും പഴക്കമേറിയ പി.ഡബ്ല്യു.ഡി. റോഡാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. മണലൂർ മണ്ഡലത്തിൽ ഉൾപ്പെട്ട മുല്ലശ്ശേരി പഞ്ചായത്തിലെ അന്നകര എലവത്തൂർ റോഡ് മുതൽ വടക്കാഞ്ചേരി മണ്ഡലത്തിലെ തോളൂർ പഞ്ചായത്തിലെ പറപ്പൂർ കീരിപ്പാലം വരെയുള്ള ഭാഗത്ത് റോഡിന് 8 മീറ്ററിനും താഴെയാണ് വീതി. ഭൂരിപക്ഷം ഭാഗത്തും നടപ്പാതയും കാനയും ഇല്ലെന്നതാണ് യാത്രക്കാരെ അലട്ടുന്നത്. അന്നകര എലവത്തൂർ റോഡ് മുതൽ പറപ്പൂർ പള്ളിനട വറെ 11 വളവും തിരിവും ഉണ്ട്. പറപ്പൂർ പള്ളി നടയ്ക്ക് സമീപം 6 മീ, അന്നകര അന്നപൂർണ്ണേശ്വരി ക്ഷേത്രപരിസരത്ത് 6.15 മീ, അന്നകര ഗവ.എൽ.പി.സ്‌കൂൾ മുൻവശം 7 മീറ്ററും മാത്രമാണ് റോഡിന്റെ വീതി. അമല, മുളങ്കുന്നത്തുകാവ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പാവറട്ടി, ചാവക്കാട്, മുല്ലശ്ശേരി, വെങ്കിടങ്ങ് ഉൾപ്പെടെയുള്ള തീരദേശവാസികൾക്ക് എത്തിചേരാൻ ആശ്രയിക്കുന്നതാണ് ഈ റോഡ്. 30 ൽ പരം ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. ശരാശരി 5 മിനിട്ടിൽ ഒരു വാഹനം എന്ന തോതിൽ ഗതാഗതം ഉണ്ടീ റൂട്ടിൽ. എന്നിട്ടും റോഡിന്റെ വീതി കൂട്ടുന്ന കാര്യം ആലോചിക്കാൻ തയ്യാറല്ല അധികൃതർ. തോളൂർ, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ വർഷങ്ങളായി ഈ വിഷയം ആവശ്യപ്പെടാറുണ്ടത്രെ. റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കാൽ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗം കണ്ടെത്തണം എന്നും നാട്ടുകാർ പറഞ്ഞു. പറപ്പൂർ ഓട്ടുകമ്പനി പടിക്കൽ നിന്നും കിഴക്കോട്ടുള്ള പാഞ്ചായത്ത് റോഡ് വികസിപ്പിച്ചാൽ പറപ്പൂർ സെന്റ് ജോൺസ് ഹൈസ്‌കൂൾ വഴി പറപ്പൂർ സെന്ററിൽ എത്തിചേരാം. വൺവേ സിസ്റ്റവും പരിഗണിക്കാമെന്നാണ് ഒരു പൊതുപ്രവർത്തകന്റെ നിർദ്ദേശം.

റോഡിന്റെ വീതി മിനിമം വീതി എട്ട് മീറ്ററെങ്കിലുമാക്കി നടപ്പാതയും കാനയും നിർമ്മിക്കണം. മണലൂർ, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എം.എൽ.എമാർ വിഷയത്തിൽ ഇടപെടാൻ തയ്യാറാകണം.
-നാട്ടുകാർ