ചാലക്കുടി: കൂടപ്പുഴയിലെ ആറാട്ടുകടവ് തടയണ നിർമ്മാണ സ്ഥലം ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. ഏറെ നാൾ സ്തംഭിക്കുകയും കഴിഞ്ഞയാഴ്ച പുനഃരാരംഭിക്കുകയും ചെയ്ത പ്രവൃത്തിയുടെ വിലയിരുത്തലിനാണ് നഗരസഭ കൗൺസിൽമാരും ഒന്നിച്ച് എം.എൽ.എ സ്ഥലത്തെത്തിയത്. ഫെബ്രുവരി അവസാനത്തോടെ തടയണ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു. തടയണ നവീകരണത്തിന് 90 ലക്ഷവും മേലൂർ ഭാഗത്തെ പുഴയോരം കെട്ടി സംരക്ഷിക്കുന്നതിന് എൺപത് ലക്ഷവും രൂപയുമാണ് സർക്കാർ അനുവദിച്ചത്. പ്രളയത്തിൽ തടയണയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12 ന് പുനഃരുദ്ധാരണം ആരംഭിച്ചെങ്കിലും അതിവർഷത്തെ തുടർന്ന് ഏപ്രിൽ 16ന് പണികൾ നിർത്തി. സാമഗ്രികൾ ഒഴുകിപ്പോയി കരാറുകാരന് വലിയ തുക നഷ്ടം വന്നു. നിലച്ച പ്രവൃത്തികൾ പുനഃരാരംഭിക്കുന്നതിന് കേരള കൗമുദി നൽകിയ വാർത്ത ഏറെ ശ്രദ്ധേയമാവുകയും ജനപ്രതിനിധികളുടെ ശരവേഗതയിലെ ഇടപെടലുകൾക്ക് വഴിവയ്ക്കുകയും ചെയ്തു.