കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ടിനെതിരെ സമര ഭീഷണിയുമായി ജീവനക്കാർ. കഴിഞ്ഞ ദിവസം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തിൽ സൂപ്രണ്ട് തണുത്ത നിലപാട് സ്വീകരിച്ചുവെന്ന ആരോപണവുമായാണ് ഒരു വിഭാഗം ജീവനക്കാർ രംഗത്തു വന്നത്.
കൈയേറ്റം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന സൂപ്രണ്ട് പ്രശ്‌നത്തിൽ ഇടപെട്ടില്ലെന്നാണ് പരാതി. ഇന്നലെ ആശുപത്രിയിൽ പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ചെങ്കിലും സൂപ്രണ്ട് സ്ഥലത്തില്ലാത്തതിനാൽ സമരം മാറ്റിവച്ചു.
എന്നാൽ സുരക്ഷാ ജീവനക്കാരന് നേരെ കൈയേറ്റമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുന്നതുൾപ്പടെയുള്ള നടപടികൾ കൈക്കൊണ്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം കയ്പമംഗലത്ത് ആത്മഹത്യ ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊവിഡ് പരിശോധനാ ഫലം നൽകാൻ വൈകിയതിന്റെ പേരിലാണ് ആശുപത്രിയിൽ കൈയേറ്റത്തിൽ കലാശിച്ച സംഘർഷമുണ്ടായത്.