പാവറട്ടി: ഏനാമാവ് വടക്കേകോഞ്ചിറ കോൾപ്പടവിൽ കൊവിഡ് പ്രതിസന്ധികൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ കർഷകർ വിത്തിറക്കി. ഒന്നാംപൂ നെൽക്കൃഷി പടവിലെ കർഷകർക്ക് രോഗബാധയും പ്രതികൂല കാലാവസ്ഥയും മൂലം നഷ്ടം വരുത്തിയെങ്കിലും ഒട്ടേറെ പ്രതീക്ഷകളോടെയാണ് കർഷകർ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം ഇരുപ്പൂ കൃഷിക്ക് മുന്നിട്ടിറങ്ങിയിട്ടുള്ളത്. 310 ഏക്കർ വിസ്തൃതിയുള്ള വടക്കേകോഞ്ചിറ കോൾപ്പടവിൽ മൂപ്പ് കുറഞ്ഞ മനുരത്‌ന വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്. പുല്ലും ചണ്ടിയും നീക്കി, രണ്ട് ചാൽ ഉഴുത് നിരത്തി നിലമൊരുക്കിയാണ് കർഷകർ പടവിൽ വിത നടത്തുന്നത്. ഒൻപത് ദിവസം കൊണ്ട് പടവിലെ വിത പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ വിത്ത് വിത ഉത്സവം ഉദ്ഘാടനം ചെയ്തു. പടവ് കമ്മറ്റി പ്രസിഡന്റ് ടി.വി. ഹരിദാസൻ അദ്ധ്യക്ഷനായിരുന്നു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനിവേണു, ജനപ്രതിനിധികളായ കൊച്ചപ്പൻ വടക്കൻ, ധന്യ സന്തോഷ്, പടവ് കമ്മിറ്റി ഭാരവാഹികളായ രവി അമ്പാട്ട്, കെ.എച്ച്.നജീബ്, ബിജോയ് പെരുമാട്ടിൽ, കോൾ ഡബിൾ ലെയ്‌സൻ ഓഫീസർ ഡോ.എ.ജെ. വിവൻസി, കൃഷി ഓഫീസർ ജെയ്ക്കബ് ഷിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.