കുന്നംകുളം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാറന്നൂർ ചിറ പരിസരത്ത് സഞ്ചാരികൾക്കായി പ്രാഥമിക സൗകര്യങ്ങൾ ഒരുങ്ങുന്നു. ചൂണ്ടൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പാറന്നൂർച്ചിറ പരിസരത്ത് പൊതുശൗചാലയത്തിന്റെയും മിനി എം.സി. എഫിന്റെയും, കഫ്ടീരിയയുടെയും നിർമ്മാണത്തിന് തുടക്കമായി. പാവങ്ങളുടെ വാഴച്ചാൽ എന്നറിയപ്പെടുന്ന ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർച്ചിറ വിനോദ സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഒഴിവു ദിനങ്ങളിൽ നിരവധി സഞ്ചാരികളാണ് ചിറ കാണാനെത്താറുള്ളത്. കൂടാതെ ആൽബങ്ങൾക്കും വിവാഹ വീഡിയോ ചീത്രികരണത്തിനായും ആളുകൾ എത്താറുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികൾ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചൂണ്ടൽ പഞ്ചായത്ത് പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റ് സമുച്ചയവും സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിനി എം.സി.എഫും ലഘു ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിനായി കഫ്ടീരയയും നിർമ്മിക്കാൻ തീരുമാനിച്ചത്.