കാട്ടൂർ - താന്ന്യം പഞ്ചായത്ത് സ്ഥിരം ബണ്ട് നിർമ്മാണം നീണ്ടുപോകുന്നതായി പരാതി
കാട്ടൂർ: കരുവന്നൂർ പുഴയ്ക്ക് കുറുകെ കാട്ടൂർ - താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സ്ഥിരം ബണ്ട് നിർമ്മിക്കാനുള്ള പ്രവൃത്തികൾ നീണ്ടുപോകുന്നതായി പരാതി. സ്ഥിരം ബണ്ട് നിർമ്മാണം ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ ഇക്കുറിയും താത്കാലിക ബണ്ട് നിർമ്മാണം പൂർത്തിയാക്കി ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്താണ് മുനയത്ത് സ്ഥിരം ബണ്ട് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയത്. നിർമ്മാണ പ്രവൃത്തിയുടെ ആദ്യഘട്ടമെന്ന നിലയിൽ സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള ഷെഡും സ്ഥാപിച്ചു. എന്നാൽ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. ഇതിനെ തുടർന്ന് 25 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇത്തവണയും താത്കാലിക ബണ്ട് നിർമ്മിച്ച് ഉപ്പുവെള്ള ഭീഷണി ഒഴിവാക്കി.
ജില്ലയിലെ പ്രധാന കുടിവെള്ള ശ്രോതസുകളിലൊന്നാണ് കരുവന്നൂർ പുഴ. കനോലി കനാലിൽ നിന്നും ഉപ്പുവെള്ളം കയറി കാട്ടൂർ, അന്തിക്കാട് മേഖലയിലെ കൃഷി നശിക്കാതിരിക്കാനും ശുദ്ധജല സംഭരണികൾ മലിനമാകാതിരിക്കാനുമാണ് ഡിസംബർ - ജനുവരി മാസങ്ങളിലായി പുഴയ്ക്ക് കുറുകെ ബണ്ട് കെട്ടുന്നത്. ഇത് പിന്നീട് മഴക്കാലമാകുന്നതോടെ പൊളിച്ചുനീക്കും.
വർഷംതോറും ലക്ഷങ്ങൾ ചെലവഴിച്ച് താത്കാലിക ബണ്ട് നിർമ്മിക്കുന്നതിനെതിരെ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ ഇവിടെ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കാലങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാൻ സർക്കാർ 24 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് മാറ്റം വരുത്തിയ ഡിസൈൻ അനുസരിച്ച് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന് 34.25 കോടി രൂപ ആവശ്യമായി. കൂടുതലായി വന്ന തുക നബാർഡിന്റെ സഹായത്തോടെ ലഭ്യമാക്കാനാണ് നീക്കം. പുതുതായി നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള അപ്രോച്ച് റോഡിന് താന്ന്യം, കാട്ടൂർ പഞ്ചായത്തുകളിൽ നിന്നുള്ള ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിൽ മാത്രമെ സ്ഥിരം ബണ്ടെന്ന സ്വപ്നം യാഥാർത്ഥ്യമാകൂ.