
തൃശൂർ : കൊവിഡ് സ്ഥിരീകരിച്ച് ഇന്ന് രണ്ട് വർഷം തികയുമ്പോൾ മൂന്നാം തരംഗത്തിൽ ഭീഷണിയായി ഉയർന്നുനിൽക്കുകയാണ് പുതിയ വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും. രണ്ടാം തരംഗത്തിൽ ദിനം പ്രതി നൂറുക്കണക്കിന് മരണം റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ മൂന്നാം തരംഗത്തിൽ മരണസംഖ്യ കുറഞ്ഞത് ആശ്വാസം നൽകുന്നു. ആദ്യതരംഗങ്ങളിൽ വ്യാപകമായ അടച്ചുപൂട്ടൽ നടത്തി മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ മൂന്നാംതരംഗത്തിൽ പൂർണ്ണമായ അടച്ചിലിലിലേക്ക് നീങ്ങാതെയും പ്രതിരോധ സംവിധാനങ്ങളിൽ മാറ്റം വരുത്തിയുമാണ് പോരാട്ടം തുടരുന്നത്. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായിരുന്നു തൃശൂർ. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് ആദ്യം സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനുള്ളിൽ ജില്ലയിൽ ആറു ലക്ഷത്തിലേറെ പേർക്ക് രോഗം വന്നു കഴിഞ്ഞു . 5,700 ലേറെ മരണമാണ് ജനുവരി 26 വരെയുള്ള കണക്ക് പ്രകാരം കൊവിഡ് മൂലം ഉണ്ടായത്.
തരംഗങ്ങളൊഴിയാതെ ഭീതി
ആദ്യതരംഗം
2020 ജനുവരി 30 മുതൽ 2021 ഏപ്രിൽ പകുതി വരെ
രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വലിയ കുതിച്ചു കയറ്റമില്ല
ഉയർന്ന നിരക്ക് ഒക്ടോബറിൽ കാൽ ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചത്
രണ്ടാം തരംഗം
2021 ഏപ്രിൽ 15 മുതൽ
ഒരു ലക്ഷത്തിന് അടുത്തുവരെ കൊവിഡ് കേസ്.
മേയിൽ കൂടുതൽ രോഗികൾ - 92,328
ജൂൺ, ഓഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ 60,000ന് മുകളിൽ
മൂന്നാം തരംഗം
കഴിഞ്ഞ ഡിസംബർ അവസാന വാരം മുതൽ
എണ്ണംകൂടിയത് ജനുവരി പത്താം തിയതിക്ക് ശേഷം
ജനുവരി 9 വരെ 3,283 പേർക്ക്
ജനുവരിയിൽ ഇതുവരെ 60,000ൽ അധികം പേർക്ക്
മരണം 5,719 കടന്നു
മരിച്ചവരുടെ എണ്ണം ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 5719ആണ്. സംസ്ഥാനത്ത് മൂന്നാം സ്ഥാനം. 2020 മേയ് 5 നാണ് ആദ്യകൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ആദ്യതരംഗത്തിൽ മരണം 500 ന് താഴെയായിരുന്നു. രണ്ടാം തരംഗത്തിൽ ആയിരത്തോളം മരണം ഒരു മാസം റിപ്പോർട്ട് ചെയ്തു.
ഇതുവരെ സ്ഥിരീകരിച്ചവർ
6,11,563
മരണം 5,719.
വാക്സിൻ സ്വീകരിച്ചവർ
47,97,056