thrissur-medical-college

സർക്കാർ മെഡിക്കൽ കോളേജുകളും ജനറൽ ആശുപത്രികളും താലൂക്ക് ആശുപത്രികളുമെല്ലാം പഴയ പോലെയല്ല. ആധുനികസൗകര്യങ്ങളും ഉപകരണങ്ങളും രോഗീസൗഹൃദ സംവിധാനങ്ങളുമെല്ലാം അവയുടെ സ്വീകാര്യത കൂട്ടിയിരിക്കുന്നു. എന്നാൽ ജീവനക്കാരുടെ ഇടപെടലുകളും സമീപനങ്ങളും പലപ്പോഴും രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നാണ് സമീപകാല വാർത്തകൾ വ്യക്തമാക്കുന്നത്.

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാറിനൽകിയ സംഭവം ഇതോടൊപ്പം ചേർത്ത് വായിക്കണം. ഉന്നത ജീവനക്കാരെ രക്ഷിച്ച് രണ്ട് സെക്യൂരിറ്റി സൂപ്പർവൈസർമാരെ മാത്രം ബലിയാടാക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. സെക്യൂരിറ്റി സൂപ്പർവൈസർമാർ മാത്രമാണ് കുറ്റക്കാരെന്ന വിധമാണ് പ്രിൻസിപ്പലിന് സൂപ്രണ്ട് നൽകിയ പ്രാഥമിക റിപ്പോർട്ട്.

മൃതദേഹം വിട്ടുനൽകുമ്പോൾ ഹെഡ് നഴ്‌സ് ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടം വേണമെന്നത് പാലിച്ചിരുന്നില്ല. അതോടൊപ്പം ആർ.എം.ഒ അടക്കമുള്ളവർ കുറ്റക്കാരാണെന്നും ആക്ഷേപമുണ്ട്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൃതദേഹങ്ങൾ കൈമാറിയ സംഭവം ലഘൂകരിക്കുന്നതിൽ ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ട്.

ഇതിനിടെ ഒരു ജീവനക്കാരന്റെ ഇടപെടലിനെത്തുടർന്നാണ് പരിശോധന പോലുമില്ലാതെ മൃതദേഹം വിട്ടുനൽകിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ, കുണ്ടിലയൂർ അഞ്ചാം കല്ല് സ്വദേശി സഹദേവൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കൊവിഡ് ബാധിച്ച് മരിച്ചത്. സഹദേവന്റെ ബന്ധുക്കൾക്ക് സെബാസ്റ്റ്യന്റെ മൃതദേഹം നൽകുകയായിരുന്നു. പരിശോധന നടത്താതെ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഇവർ സംസ്‌കാരം നടത്തി. സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ആളുമാറി നൽകിയത് അറിഞ്ഞത്.

മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും അറിയുന്നതിന് ബന്ധുക്കൾ അലയേണ്ട സ്ഥിതിയാണ്. കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ തന്നെ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല.

ജനറൽ ആശുപത്രിയിൽ സി.സി.യു.

ഹൃദയസംബന്ധമായ ഗുരുതരമായ അസുഖങ്ങളുള്ള രോഗികൾക്ക് സേവനം ലഭ്യമാക്കാനായി മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ലഭിച്ചിരുന്ന കൊറോണറി കെയർ യൂണിറ്റിന്റെ (സി.സി.യു) സേവനം ഇനി തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിലും ലഭിക്കുമെന്ന ആശ്വാസവാർത്തയുമുണ്ട്. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും ധനസഹായം ലഭിച്ചു. ആയിരക്കണക്കിന് നിർദ്ധനരോഗികളുടെ ആശാകേന്ദ്രമായ ജനറൽ ആശുപത്രിയിൽ ഇതോടെ കൂടുതൽ ചികിത്സാ സൗകര്യങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്.

കാർഡിയോളജി വിഭാഗത്തിൽ ആരംഭിച്ച കൊറോണറി കെയർ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുളള കാത്ത് ലാബ് കഴിഞ്ഞ വർഷം സജ്ജമായിരുന്നു. നിർദ്ധനരോഗികൾക്ക് ഹൃദ്രോഗചികിത്സയ്ക്ക് ഏറെ സഹായകരമാകുന്ന ലാബ് കിഫ്ബിയിൽ നിന്ന് എട്ടുകോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഗവ. മെഡിക്കൽ കോളേജിന് പുറമേ കാത്ത് ലാബ് സംവിധാനമുളള രണ്ടാമത്തെ സർക്കാർ ആശുപത്രിയായിരുന്നു ജനറൽ ആശുപത്രി. മേയർ എം.കെ. വർഗീസ് സി.സി.യുവിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരിശീലനം ലഭിച്ച ചികിത്സാസംഘം

ഹൃദ്രോഗസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാനായി കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സുമാരും ടെക്‌നീഷ്യൻമാരും ഉൾപ്പെടുന്ന സംഘം രോഗീപരിചരണത്തിനായി സജ്ജമായിട്ടുണ്ട്. പ്രത്യേകമായി മോണിറ്ററുകൾ ഉപയോഗിച്ച് രോഗികളുടെ ഹൃദയസ്പന്ദനത്തിലുള്ള വ്യതിയാനം നിരീക്ഷിക്കാനും അതുവഴി സമയബന്ധിതമായി ശരിയായ ചികിത്സ ഉറപ്പാക്കാനും സി.സി.യു വഴി സാധിക്കും. ഹൃദയാഘാതം സംഭവിച്ച രോഗികൾക്കും
ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ ഹാർട്ട് ഫെയിലിയർ രോഗികൾക്കും ഹൃദയസ്പന്ദനങ്ങളിൽ വ്യതിയാനം ഉണ്ടാകുന്ന രോഗികൾക്കുമെല്ലാം സി.സി.യു. അനുഗ്രഹമാകും.

ശസ്ത്രക്രിയാ

ഉപകരണങ്ങൾക്ക്

20 ലക്ഷം

ജനറൽ ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ആദ്യഗഡുവായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഇരുപത് ലക്ഷം രൂപ പി. ബാലചന്ദ്രൻ എം.എൽ.എ അനുവദിച്ചത്. ആധുനിക ഉപകരണങ്ങളുടെ അപര്യാപ്തത മൂലം ശസ്ത്രക്രിയയ്ക്കുള്ള ബുക്കിംഗ് നിറുത്തിയതായുളള വാർത്തകളെ തുടർന്നാണ് എം.എൽ.എ പ്രശ്‌നത്തിൽ ഉടൻ ഇടപെട്ടത്. സർക്കാരിന് കീഴിലായിരുന്ന ആശുപത്രി 2016ലാണ് കോർപറേഷന് കൈമാറിയത്.