kpch1

തൃശൂർ: അത്യുൽപാദന ശേഷിയുള്ള കുരുവില്ലാത്ത തണ്ണിമത്തനും സലാഡ് കക്കിരിയും വികസിപ്പിച്ച് കാർഷിക സർവകലാശാല ഇവയുടെ സങ്കര വിത്തുകൾ പുറത്തിറക്കി. പരാഗണം വഴി വിത്തുണ്ടാക്കാം. സങ്കര വിത്തിൽ ധാരാളം പെൺപൂക്കൾ ഉണ്ടാകുന്നതുകൊണ്ട് നല്ല വിളവും ലഭിക്കും.
പോളിഹൗസിന് യോജിച്ച കെ.പി. സി.എച്ച്1 എന്ന പ്രത്യേക കക്കിരിയിനവുമുണ്ട്. സെൻട്രൽ സീഡ്‌സ് സബ് കമ്മിറ്റി നോട്ടിഫൈ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ സങ്കരയിനമാണിത്. സ്വയം കായുണ്ടാകുന്ന ഇനങ്ങളാണ് പോളിഹൗസിന് യോജിച്ചത്. ഇത്തരം ഇനങ്ങൾക്ക് സ്വകാര്യ കമ്പനികൾ വിത്തിന് അഞ്ചു രൂപയിലധികം ഈടാക്കുന്നു. സർവകലാശാലയിൽ ഒരു രൂപയ്ക്ക് ലഭിക്കും. തെലങ്കാന, കർണാടക, ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്നു.
2015ൽ കുരു ഇല്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ സ്വർണയും, 2017ൽ ചുവന്ന കാമ്പുള്ള ഷോണിമയും പുറത്തിറക്കിയിരുന്നു. മഞ്ഞക്കാമ്പുള്ളത് ഇന്ത്യയിൽത്തന്നെ ആദ്യമാണ്. സിട്രുലിൻ എന്ന പോഷക വസ്തു കൂടുതലുള്ള ഇതിന്റെ വിത്ത് കാർഷിക സർവകലാശാലയിലേ ലഭിക്കൂ.

പീച്ചിങ്ങയിലും പുതുമ

പീച്ചിങ്ങ അഥവാ ഞരമ്പൻ വെള്ളരിവർഗ വിളകളിൽ നാരുകൾ കൂടുതലുള്ളതാണ്. ഈ ഇനത്തിൽ കെ.ആർ.എച്ച് 1 എന്ന ഹൈബ്രിഡ് 2019ൽ സി.ജി.എം.എസ് സങ്കേതിക വിദ്യയിലൂടെ പുറത്തിറക്കിയിരുന്നു. ഒരു സ്ഥലത്ത് മറ്റു പീച്ചിങ്ങയിലെ ഇനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി ആൺചെടികളും പെൺചെടികളും ഇട കലർത്തി നട്ടാൽ തേനിച്ചയുടെ പരാഗണത്തിലൂടെ സങ്കരവിത്ത് ഉണ്ടാക്കാം.

വഴുതനയിൽ, നീലിമ എന്ന സങ്കരയിനം പുറത്തിറക്കിയിരുന്നു. ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉരുണ്ട വയലറ്റ് കായയുള്ള വഴുതന.

ഡോക്ടർ ടി.പ്രദീപ് കുമാർ
പ്രൊഫസർ ആൻഡ് ഹെഡ്, പച്ചക്കറി ശാസ്ത്രവിഭാഗം