dead

തൃശൂർ: മൃതദേഹങ്ങളുടെ പരിപാലനവും, കൈമാറ്റവും സംബന്ധിച്ച് മാർഗനിർദ്ദേശം പാലിക്കാത്തത് മൂലമാണ് ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകിയതെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അധികൃതർ കാര്യങ്ങൾ വിശദീകരിച്ചത്.
മാർഗനിർദ്ദേശം കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. കർശനമായ മാർഗനിർദ്ദേശവും കൊവിഡ് കൺട്രോൾ റൂമും ഉണ്ടായിരിക്കെയാണ് ഇത്തരം കൃത്യവിലോപമുണ്ടായതെന്നും വിലയിരുത്തി.

24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂമിന്റെ പ്രവർത്തനത്തിന് മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിനെ നിയോഗിച്ചു. പ്രധാന കൺട്രോൾ റൂമിന്റെ ചുമതല സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസ്, ആർ.എം.ഒ എ.എം.രൺദീപ്, കാഷ്വാലിറ്റി സൂപ്രണ്ട് ഡോ.രാധിക, ഡോ.ജയപ്രകാശ് തുടങ്ങിയവർക്കാണ്. നോഡൽ ഓഫീസറും മെഡിക്കൽ വിദ്യാർത്ഥികളും സഹായം ലഭ്യമാക്കും. പ്രിൻസിപ്പൽ ഓഫീസിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ വാർ റൂമിന്റെ ചുമതല പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും നേതൃത്വത്തിലാണ് പ്രവർത്തിക്കുക. ഇവർ എല്ലാ ദിവസവും രാവിലെ 9 മുതൽ പത്ത് വരെ കോർ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തും. മെഡിക്കൽ ബോർഡും ചേരുമെന്നും പ്രിൻസിപ്പൽ ഡോ.പ്രതാപ് സോമനാഥ് അറിയിച്ചു.

മാർഗനിർദ്ദേശങ്ങൾ ഇവ

മൃതദേഹങ്ങൾ പ്രോട്ടോകോൾ അനുസരിച്ച് സൂക്ഷിക്കണം
വാർഡുകളിലെയോ ഐ.സി.യുകളിലെയോ ഹെഡ് നേഴ്‌സ് മോർച്ചറിയിൽ മൃതദേഹം കൈമാറുന്നതു വരെയുള്ള എല്ലാ നടപടി ക്രമങ്ങൾക്കും മേൽനോട്ടം വഹിക്കണം
മൃതദേഹത്തിലും സൂക്ഷിക്കുന്ന ബാഗിലും ടാഗ് നിർബന്ധമായും വയ്ക്കണം
ടാഗിൽ, പേര്, ലിംഗം, വയസ്, വിലാസം, ഐ.പി നമ്പർ, യൂണിറ്റ്, വാർഡ് തുടങ്ങിയവ ചേർക്കണം
ഇത് ഹെഡ് നേഴ്‌സ് ഉറപ്പു വരുത്തണം
മോർച്ചറിയിലെത്തിയ മൃതദേഹങ്ങളുടെ റാക്ക് നമ്പർ, പേര്, മറ്റു വിവരങ്ങൾ , മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞവ, അല്ലാത്തവ എന്നീ വിവരം സെക്യൂരിറ്റി സ്റ്റാഫ് പരിശോധിക്കണം
പ്രോട്ടോകോൾ പാലിച്ച് മൃതദേഹത്തിന്റെ മുഖം കാണാൻ ബന്ധുക്കളെയോ ഏറ്റു വാങ്ങാൻ വരുന്നവരെയോ അനുവദിക്കണം. സത്യവാങ്മൂലം എഴുതി വാങ്ങണം
ഇക്കാര്യങ്ങളെല്ലാം ആർ.എം.ഒയോ സെക്യൂരിറ്റി ഓഫീസറോ ഉറപ്പുവരുത്തണം