
തൃശൂർ : കൊവിഡ് കേസ് കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ ഒരുക്കാനുള്ള മുന്നൊരുക്കം ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഹരിത വി.കുമാർ പറഞ്ഞു. നിലവിൽ മുളങ്കുന്നത്തുകാവ് കിലയിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ സി.എഫ്.എൽ.ടി.സി സജ്ജമാക്കി. കൂടാതെ നാട്ടിക, മതിലകം തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന സി.എഫ്.എൽ.ടി.സികൾ വീണ്ടും ഏറ്റെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. കൊവിഡ് പോസിറ്റീവ് ആകുന്ന ഗർഭിണികൾ, ഡയാലിസിസ് രോഗികൾ എന്നിവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണതയുണ്ട്. ഈ വിഭാഗത്തിൽപെടുന്ന രോഗികളെ അവരെ ചികിത്സിക്കുന്ന ആശുപത്രികളിൽ തന്നെ കൊവിഡ് ചികിത്സയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോക്ടർ എൻ.കെ.കുട്ടപ്പൻ അറിയിച്ചു. ഓക്‌സിജൻ ബെഡുകൾ സജ്ജീകരിക്കാൻ കഴിയുന്ന സ്ഥലം കണ്ടെത്തി അവ സ്ഥാപിക്കും. ജില്ലയിലെ 96 ശതമാനം കൊവിഡ് രോഗികളും വീടുകളിൽ തന്നെയാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിർദ്ദേശം
പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഫലപ്രദമായ പരിഹാര നടപടി സ്വീകരിക്കുമെന്ന് കെ.രാധാകൃഷ്ണൻ. കേന്ദ്ര ഭൂജല ബോർഡ് പ്രതിനിധികൾ അവതരിപ്പിച്ച തൃശൂർ ജില്ലയുടെ ജലസ്തര മാപ്പിംഗിനെക്കുറിച്ചുള്ള പഠന റിപ്പോർട്ടിൽ 25 പഞ്ചായത്തുകളിൽ പ്രാദേശികജലക്ഷാമം നേരിടുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമാവുക എന്ന് പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തും. എം.എൽ.എമാരായ എ.സി.മൊയ്തീൻ, ഇ.ടി.ടൈസൺ മാസ്റ്റർ, കെ.കെ.രാമചന്ദ്രൻ, അഡ്വ.വി.ആർ.സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, എൻ.കെ.അക്ബർ, സി.സി.മുകുന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, എ.ഡി.എം റെജി.പി.ജോസഫ്, ഡി.പി.എം രാഹുൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.