araru
ജലക്ഷാമം നേരിടുന്ന ആറാട്ടുപുഴ മന്ദാരംകടവ്

ആറാട്ടുപുഴ, പല്ലിശ്ശേരി, ഊരകം പാടശേഖരങ്ങളിലെ നെൽക്കൃഷി കരിയൽ ഭീഷണിയിൽ

ചേർപ്പ്: ആറാട്ടുപുഴ, പല്ലിശ്ശേരി, ഊരകം പാടശേഖരങ്ങളിലെ 100 ഏക്കറോളം നെൽക്കൃഷി വെള്ളമില്ലാത്തതിനാൽ കരിയൽ ഭീഷണിയിൽ. കരുവന്നൂർ പുഴയിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ആറാട്ടുപുഴ മന്ദാരക്കടവിൽ സ്ഥാപിച്ചിട്ടുള്ള പമ്പിംഗ് സ്റ്റേഷൻ പ്രവർത്തനരഹിതമായതാണ് മേഖലയിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണം.

മന്ദാരക്കടവിൽ നിന്ന് മൈനർ ഇറിഗേഷൻ ചാലിലൂടെ പമ്പ് ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ പാടശേഖരങ്ങളിൽ കർഷകർ കൃഷിയിറക്കുന്നത്. ജനുവരിയിൽ വിത്ത് പാകി എപ്രിൽ - മെയ് മാസത്തിൽ കൊയ്ത്ത് നടത്തുന്ന രീതിയിലാണ് കാലങ്ങളായി ഇവിടെ കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസമായി മഴ നിന്നതോടെ പുഴയിൽ വെള്ളം താഴുകയും പമ്പിംഗ് നിറുത്തിവയ്ക്കുകയുമായിരുന്നു.

അറാട്ടുപുഴ പൂര പാടത്ത് 12 ഏക്കറോളം സ്ഥലത്തെ കൊയ്ത്തിന് പാകമായി നിൽക്കുന്ന കൃഷിയാണ് വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഉണക്ക് ഭീഷണി നേരിടുന്നത്. കൂടാതെ ആറാട്ടുപുഴ, പല്ലിശ്ശേരി, ഊരകം, എട്ടുമന എന്നിവിടങ്ങളിലെ തെങ്ങ്, വാഴ, കവുങ്ങ് അടക്കമുള്ള കൃഷികളും വെള്ളം ഇല്ലാതെ നശിക്കുമെന്ന സാഹചര്യമാണ്.

വീടുകളിലെ കിണറുകളിൽ വെള്ളം ക്രമാതീതമായി താഴുന്ന അവസ്ഥയാണ്. അതിനാൽ പുഴയിൽനിന്ന് പമ്പ് ചെയ്ത് കനാൽ വഴി വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് കർഷകർ നിവേദനം നൽകിയിരുന്നു. എന്നിട്ടും നടപടിയായില്ല.

ആറാട്ടുപുഴയിൽ വെള്ളം കുറയുന്ന സമയങ്ങളിൽ ചിമ്മിനി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുകയും സമീപ

പാടശേഖരങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ആവശ്യത്തിന് പമ്പ് ചെയ്യുന്ന സ്ഥിതിയുമുണ്ടായിരുന്നു. മുൻകാലങ്ങളിൽ ചെയ്തിരുന്ന പോലെ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ട് ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആദ്യ വളപ്രയോഗം ചെയ്തതിന് ശേഷം പാടങ്ങളിൽ വെള്ളം കയറ്റി നിറുത്തേണ്ട സമയത്താണ് ചാലിൽ കൂടിയുള്ള വെള്ളത്തിന്റെ വരവ് നിലച്ചത്.

സുരേഷ് ബാബു

പല്ലിശ്ശേരി തേവർ പുരുഷ സ്വയം സഹായ സംഘം