pachakkari-krishi-
മധുവിന്റെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: പച്ചക്കറി കൃഷിയിൽ വീണ്ടും വിജയഗാഥ രചിച്ച് കയ്പമംഗലം സ്വദേശി മധു ചക്കാലയ്ക്കൽ. ഇക്കുറി കുറ്റിപയറും, വെണ്ടയുമാണ് മധുവിന്റെ കൃഷിയിടത്തിലെ പുതിയ അതിഥികൾ. പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒരേക്കറോളം വരുന്ന സ്ഥലത്താണ് മധു കരനെൽക്കൃഷിയും ഇടവിളകളും കൃഷിചെയ്യുന്നത്. പയർ, വെണ്ട, തക്കാളി, വഴുതന, കയ്പ, ചീര, പാല ചീര, കൊള്ളി, കാബേജ്, പച്ചമുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടുവളപ്പിൽ 170 ചെങ്ങാലിക്കോടൻ വാഴയും വിളഞ്ഞുനിൽക്കുന്നുണ്ട്. പൊള്ളാച്ചിയിൽ നിന്നാണ് പച്ചക്കറിവിത്തുകൾ കൊണ്ടുവരുന്നത്. ചാണകം, കോഴികാഷ്ഠം, ഗോമൂത്രം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. അദ്ധ്യാപികയായ ഭാര്യ ബിന്ദുവും കൃഷിയിൽ മധുവിനൊപ്പമുണ്ട്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൽ. പോൾസൺ, ജിനൂപ് അബ്ദുൾ റഹ്മാൻ, പി.എ. ഷാജഹാൻ, കൃഷി ഓഫീസർ ശ്രീജിത്ത്, ഡോ. ഷാജഹാൻ, മണി, ബാബു എന്നിവർ പങ്കെടുത്തു.