
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി നടന്ന താബൂത്ത് കാഴ്ച്ച പ്രോട്ടോക്കോൾ പാലിച്ച് ലളിതമായി നടത്തി. രാവിലെ എട്ടിന് ചാവക്കാട് പഴയ പാലം താബൂത്ത് ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ പാലം പരിസരത്തുനിന്ന് ഗജവീരന്റെയും, മുട്ടും വിളിയുടെയും അകമ്പടിയിൽ താബൂത്ത് കാഴ്ച്ച ആരംഭിച്ചു. നഗരം ചുറ്റി പത്തിന് പള്ളി അങ്കണത്തിലെത്തി ജാറത്തിൽ താബൂത്ത് സ്ഥാപിച്ചു. തുടർന്ന് മൂന്ന് ദേശ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റം നടന്നു. താണി മരത്തിന് മുകളിൽ മുട്ടയും പാലും സമർപ്പിക്കൽ ചടങ്ങും നടത്തി. മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്.ഷാഹു സാഹിബ്, സെക്രട്ടറി എ.വി.അഷ്റഫ്, ട്രഷറർ എ.പി ഷെഹീർ തുടങ്ങിയവർ നേതൃത്വം നൽകി.
നേര്ച്ചച്ചടങ്ങുകളെ ചൊല്ലി ബഹളം: ലാത്തി വീശി പൊലീസ്
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ച ആഘോഷ ചടങ്ങുകൾ നടത്തുന്നതിനെ ചൊല്ലി ബഹളം. പൊലീസ് സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തി വീശി വിരട്ടിയോടിച്ചു. രാവിലെ താബൂത്ത് കൂട് ജാറത്തിൽ സ്ഥാപിച്ച ശേഷമായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വ്യാഴാഴ്ച്ച പൊലീസുമായി കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ നേർച്ച ആഘോഷം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. വാർത്ത വന്നതോടെ ഒരു വിഭാഗം ഭാരവാഹികൾ കൂടിയാലോചന നടത്താതെ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ് ഷാഹു ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് ആരോപിച്ച് എതിർപ്പുമായി രംഗത്തെത്തി.
ഇതോടെ വെള്ളിയാഴ്ച യോഗം ചേർന്ന് താബൂത്ത് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചു. എന്നാൽ നാല് ദേശങ്ങളിൽ നിന്നുള്ള കൊടികയറ്റവും, താണിമരത്തിലെ മുട്ടയും പാലും സമർപ്പിക്കൽ ചടങ്ങും നടത്താൻ കമ്മിറ്റി തീരുമാനിച്ചിരുന്നില്ല. ഒരു വിഭാഗം നാട്ടുകാർ ചടങ്ങുകൾ മുഴുവൻ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. പൊലീസെത്തിയതോടെ നാട്ടുകാർ വാക്കേറ്റമായി. ഇതിനിടെ എസ്.ഐ എ.എം യാസിറിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘമെത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ആരും പിരിഞ്ഞു പോയില്ല. ഒടുവിൽ ഭാരവാഹികളും, നാട്ടുകാരും താണിമരത്തിലെ മുട്ടയും പാലും സമർപ്പിക്കൽ ചടങ്ങും നടത്തി പിരിഞ്ഞു പോയി.