കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ മുരിക്കിങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തിക്കാത്തതിനെതിരെ പൊതു പ്രവർത്തകൻ ആന്റു ചെമ്മഞ്ചേരി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. 15 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എം.പി സി. കെ.ചന്ദ്രപ്പൻ ആണ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനം ചെയ്ത സമയത്തല്ലാതെ പിന്നീട് ഒരിക്കലും ഈ പദ്ധതി പ്രവർത്തിച്ചിട്ടില്ലെന്ന് ആന്റു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിവരാവകാശ നിയമം അനുസരിച്ച് മറ്റത്തൂർ പഞ്ചായത്ത്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ പദ്ധതിയുടെ വിശദ വിവരങ്ങൾക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്നും ആന്റു ചെമ്മഞ്ചേരി അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും ആന്റു പറഞ്ഞു.