
തൃശൂർ: ചൈനയിലെ വുഹാനിൽ നിന്ന് ആദ്യ കൊവിഡ് രോഗി ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ട് വർഷം. 2020 ജനുവരി 30ന് ചൈനയിൽ നിന്ന് തൃശൂരിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച വിദ്യാർത്ഥിനി രണ്ടാഴ്ചയ്‌ക്ക് ശേഷം സുഖം പ്രാപിച്ചു.
അതിനിടെ ലോക്ക് ഡൗണും സാമൂഹിക അകലവും ക്വാറന്റൈനുമടക്കമുള്ള പരിചയമില്ലാത്ത പതിവുകൾ ലോക ജീവിതത്തിന്റെ ഭാഗമായി.
ജീവിതരീതിയും കാഴ്‌ചപ്പാടും മാറ്റിമറിച്ച നാളുകൾ. വീട്ടിലിരുന്നും ജോലി ചെയ്യാമെന്ന് തെളിഞ്ഞതോടെ തൊഴിൽ സംസ്‌കാരത്തിലും മാറ്റം. ഇന്നും ഭീതി വിട്ടൊഴിയാതെ ഒാർത്തെടുക്കാൻ കഴിയാത്ത നാളുകൾ.
പിന്നീട് കൊവിഡ് കുറയുകയും വാക്സിനെത്തുകയും ചെയ്തതോടെ ചെറിയൊരു ആശ്വാസം കിട്ടിയെങ്കിലും പിന്നാലെ രണ്ടാം തരംഗവുമെത്തി. അതിപ്പോൾ മൂന്നാം ഘട്ടത്തിന് വഴിമാറി.
2021 മേയ് മുതലായിരുന്നു രണ്ടാംഘട്ടം. ഒക്ടോബർ അവസാനം പ്രതിദിന രോഗികൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവു വന്നു. ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് ഒമിക്രോൺ ഭീഷണി കുതിച്ചുയർന്നത്. വിവിധ വകഭേദങ്ങളും ഒപ്പം ചേർന്നു. നിലവിൽ പല ജില്ലകളിലും അയ്യായിരത്തിലധികം പേർക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ
 കൊവിഡ് ബാധിച്ചവർ- 59,31,945
 ആകെ മരണം- 53,191 (ജനുവരി 29 വരെ)
 ചികിത്സയിലുള്ളവർ- 3,36,202
 കൂടുതൽ മരണം തിരുവനന്തപുരത്ത്- 6851
 എറണാകുളം- 6248
 തൃശൂർ- 5719