കൊടുങ്ങല്ലൂർ: ചൂട് കനത്തതോടെ പാമ്പ് ശല്യം രൂക്ഷമായി. ചന്തപ്പുര - കോട്ടപ്പുറം ബൈപാസിന്റെ വശങ്ങളിലാണ് വിഷപാമ്പുകൾ അധികവും കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. ബൈപാസ് നിർമ്മാണത്തിന് മലയോരങ്ങളിൽ നിന്നും ടിപ്പർ ലോറിയിൽ കൊണ്ടുവന്ന കൽപൊടി വഴിയാണ് വിഷ പാമ്പുകൾ ഇവിടെ എത്തിയത്.

ബൈപാസിന്റ ഇരുവശവും ഡിവൈഡറിലും പാമ്പുകൾക്ക് കഴിയാവുന്ന വിധം കുറ്റിക്കാടുകളും പുല്ലും വളർന്ന നിലയിലാണ്. ബൈപാസിനരികിൽ താമസിക്കുന്നവരാണ് പാമ്പ് ശല്യം ഏറെ അനുഭവിക്കുന്നത്.

കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി നമ്പർ ഒന്ന് ഓഫീസിന് സമീപം വീടിനകത്ത് പാമ്പിനെ കണ്ടെത്തിയിരുന്നു. ഈ വീടിന്റെ സമീപമുള്ള ഒരു പറമ്പ് വൃത്തിയാക്കിയപ്പോൾ നിരവധി വിഷാപാമ്പുകളെയും കണ്ടെത്തി. ബൈപാസിലൂടെ പ്രഭാത സവാരി നടത്തിയിരുന്ന പലരും പാമ്പുകളെ ഭയന്ന് അതുവഴിയുള്ള നടത്തം നിറുത്തിവച്ചിരിക്കുകയാണ്. വാഹനങ്ങൾ കയറി പാമ്പുകൾ ചത്തു കിടക്കുന്നതും ബൈപാസിൽ പതിവ് കാഴ്ചയാണ്.