ചാവക്കാട്: ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ കേരള ഹോട്ടൽ റസ്റ്റോറന്റ് കാറ്ററിംഗ് ആൻഡ് കൂൾബാർ സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധിച്ചു. മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല എന്ന കാരണത്താൽ കഴിഞ്ഞ ദിവസം ചാവക്കാട് എടക്കഴിയൂരിൽ ഹോട്ടൽ ജീവനക്കാരനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ച സംഭവത്തിലാണ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചത്. ഉത്തർപ്രദേശ് സ്വദേശി വഹാബ് അഹമ്മദിനാ(20)ണ് മർദനമേറ്റത്. എടക്കഴിയൂർ സീതീ സാഹിബ് സ്‌കൂളിന് സമീപത്തെ സുൽത്താന റസ്റ്റോറന്റിൽ തിങ്കളാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേർ വഹാബ് അഹമ്മദിനോട് ഗ്ലാസ് ആവശ്യപ്പെടുകയായിരുന്നു. മലയാളം അറിയാത്ത വഹാബ് മുതലാളിയോട് ചോദിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഘം വഹാബിനെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റ വഹാബിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മറ്റു ചിലർ വന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു. നിരന്തരമായി തൊഴിലാളികൾ പലവിധ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകണമെന്നും അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷക്കീർ പൊന്നാനി, സംസ്ഥാന സെക്രട്ടറി സക്കരിയ അകലാട്, ജില്ലാ പ്രസിഡന്റ് പി.എച്ച്. റസാക്ക്, ജില്ലാ ജനറൽ സെക്രട്ടറി കെ.വി. നസീർ തുടങ്ങിയവർ ആവശ്യപ്പെട്ടു.