udf
നഗരസഭാ ഓഫീസിനുള്ളിൽ കോൺഗ്രസ് കൗൺസിലർമാർ റൂം ഫ്രഷ്നർ അടിച്ച് പ്രതിഷേധിക്കുന്നു.

കുന്നംകുളം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒരു വർഷത്തിനുമുകളിലായി അടഞ്ഞു കിടക്കുന്ന കുട്ടികളുടെ പാർക്കിലെ കാനയിൽ മലിനജലം ദുർഗന്ധം വമിക്കുന്നതിനെതിരെ നഗരസഭാ ഓഫീസിനുള്ളിൽ റൂം ഫ്രഷനർ അടിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭയോടു ചേർന്നുള്ള പാർക്കിന്റെ സമീപത്തെ സുഭിക്ഷ ഹോട്ടലിൽ നിന്നുള്ള മലിനജലമാണ് കാനയിൽ ഒഴുകി വന്ന് കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. പുഴുവരിച്ച നിലയിൽ കെട്ടികിടക്കുന്ന മലിനജലം ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലേക്കെത്തുന്നവർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായാണ് കോൺഗ്രസ് കൗൺസിലർമാർ വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്. നഗരസഭ ഓഫീസിനുള്ളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരുടെയും ആരോഗ്യ വിഭാഗം, വിവിധ സെക്ഷൻ ഓഫീസുകളിലും ചെയർപേഴ്സന്റേയും വൈസ് ചെയർപേഴ്സന്റേയും ഓഫീസിന് മുന്നിലും റൂം ഫ്രഷനർ അടിച്ചുകൊണ്ട് കോൺഗ്രസ് കൗൺസിലർമാർ നടന്ന് പ്രതിഷേധിച്ചു.
നിരവധി തവണ കൗൺസിൽ യോഗങ്ങളിൽ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടിട്ടും വിഷയത്തിൽ യാതൊരു നടപടിയും എടുക്കാത്ത നഗരസഭ നല്ല വീട് നല്ല നഗരം പദ്ധതി പറഞ്ഞ് നടക്കുകയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം ഓഫീസിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ ബിജു. സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, ലീല ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

മൂക്കിനു താഴെയുള്ള മാലിന്യം നീക്കം ചെയ്യാൻ മുതിരാതെ നഗരസഭയ്ക്ക് പുറത്ത് അകം സ്വച്ച് സർക്കിൾപോലുളള പരിപാടികൾ നടത്തി കേന്ദ്ര വിഹിതം ധൂർത്തടിച്ച് കളയുന്നതിനാണ് ഭരണസമിതിയുടെ ശ്രമം.
-കോൺഗ്രസ് കൗൺസിലർമാർ