ചാലക്കുടി: ബിരുദ സർട്ടിഫിക്കറ്റുകൾ യാന്ത്രികമായി ഉത്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി സർവകലാശാലകൾ മാറരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. പോട്ട പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 4.59കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളെ ലോക സാഹചര്യങ്ങളോട് സംവദിക്കാൻ പ്രാപ്തരാക്കുന്ന കേന്ദ്രങ്ങളാക്കണം. കാലാനുസൃതമായ മാറ്റങ്ങൾ കലാലയങ്ങളിലുണ്ടാകണം. അദ്ധ്യാപക കേന്ദ്രീതമായ കാഴ്ചപ്പാടല്ല വിദ്യാർത്ഥി കേന്ദ്രീതമായ കാഴ്ചപ്പാടാണ് വേണ്ടത്. ജൈവികമായ അന്തരീക്ഷം കലാലയങ്ങളിലൊരുക്കണം. പുതിയ തൊഴിൽ കണ്ടെത്താൻ ഉതകുന്ന കാലാനുസൃതമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും. മുരടിച്ച പരീക്ഷ രീതിയാണ് ഇപ്പോഴുള്ളത്. പരീക്ഷ സംവിധാനം ശാസ്ത്രീയമായി മാറ്റാനുള്ള നടപടി ആരംഭിക്കും. എല്ലാ കലാലയങ്ങളിലേയും ലൈബ്രറി ഒരു നെറ്റ്‌വർക്കിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്-മന്ത്രി വ്യക്തമാക്കി. ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ.പൈലപ്പൻ, മുൻ എം.എൽ.എ ബി. ഡി. ദേവസ്സി എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പ്രിൻസിപ്പൽ ഡോ. എൻ. എ. ജോജോമോൻ, വൈസ് പ്രിൻസിപ്പാൾ ഡോ. എൻ. ശ്രീരേഖ നന്ദിയും പറഞ്ഞു. മുൻ എം.എൽ.എയുടെ ശ്രമഫലമായി കൊണ്ടുവന്ന 4.59 കോടി ചെലവിൽ ഓപ്പൺ ഓഡിറ്റോറിയം, ഉദ്യാനം, ലൈബ്രറി ബ്ലോക്കിന്റെ രണ്ടും മൂന്നും നിലകൾ, പരീക്ഷാ ഹാൾ, കോളേജ് ഹോസ്റ്റലിന്റെ വിപുലീകരിച്ച നിലകൾ എന്നിവയുടെ നിർമ്മാണമാണ് നടത്തിയത്.