അന്തിക്കാട്: അന്തിക്കാട് - കാഞ്ഞാണി റോഡിൽ പേരാൻ മാർക്കിന് സമീപം അമൃതം കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ എടുത്ത കുഴിയിലെ നിലവിലുള്ള പൈപ്പ് പൊട്ടി റോഡ് ചെളിക്കളമായി. അന്തിക്കാട് കെ.കെ. മേനോൻ ഷെഡ് മുതൽ അന്തിക്കാട് സെന്റർ വരെയുള്ള ഭാഗത്തെ പൈപ്പാണ് പൊട്ടിയത്. തുടർന്ന് ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസ് റോഡിൽ താഴ്ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും സമയബന്ധിതമായി പണി പൂർത്തീകരിച്ച് യാത്രാദുരിതം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.