
കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എടവിലങ്ങ് ശിവക്ഷേത്രത്തിൽ ബ്രാഹ്മണരുടെ ' കാൽ കഴുകിച്ചൂട്ട് ' നടത്താൻ ആഹ്വാനം ചെയ്ത തന്ത്രിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കൊടുങ്ങല്ലൂരിൽ ചേർന്ന വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഇത്തരം തന്ത്രിമാർ നവോത്ഥാന കേരളത്തിന് അപമാനമാണ്. നിരവധി സാമൂഹിക പരിഷ്‌കർത്താക്കൾ ആയുസും വപുസും നൽകി നേടിയെടുത്ത നവോത്ഥാന മൂല്യം ഇല്ലാതാക്കുകയും ബ്രാഹ്മണാധിപത്യം അടിച്ചേൽപ്പിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. നവോത്ഥാനമൂല്യം തകർക്കാൻ ശ്രമിക്കുന്ന ഗൂഢശ്രമങ്ങളെ നേരിടാനും നവോത്ഥാന കൂട്ടായ്മയ്ക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. കാൽ കഴുകിച്ചൂട്ട് എന്ന വഴിപാട് നിറുത്തിവയ്ക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിട്ടും തന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പട്ടികജാതി-പിന്നാക്ക വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള എടവിലങ്ങിൽ വിശ്വാസം മുതലെടുത്ത് ബ്രാഹ്മണ മേധാവിത്വം പുന:സ്ഥാപിക്കാനുള്ള കുടില നീക്കമാണ് തന്ത്രി നടത്തുന്നത്. ഇതിനെതിരെ നവോത്ഥാന മൂല്യം ഉയർത്തി പിടിച്ച് പ്രോട്ടോകോൾ പാലിച്ച് നെടിയതളി ക്ഷേത്ര പരിസരത്ത് നിന്ന് എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലേക്ക് ഫെബ്രുവരി 5 ന് നവോത്ഥാന യാത്ര നടത്തും. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അഡ്വ. അനൂപ് കുമാരൻ , പി.ജി.സുഗുണ പ്രസാദ്, പി.വി.സജീവ് കുമാർ , വി.ഐ.ശിവരാമൻ, മുരുകൻ കെ. പൊന്നത്ത് , എൻ.ബി.അജിതൻ, ദിനിൽ മാധവ് , ടി.വി.സുജിത് , സി.കെ.സമൽ രാജ്, യൂണിയൻ വൈസ് പ്രസിഡന്റ് സി.ബി.ജയലക്ഷ്മി ടീച്ചർ, കെ.ജി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മനുഷ്യാവകാശ കമ്മിഷന് പരാതി
തൃശൂർ : ഗവ.മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ആർ.എം.ഒ വിനായിരിക്കെ സുരക്ഷാ വിഭാഗത്തിലെ രണ്ട് താത്കാലിക ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് വിഷയം അവസാനിപ്പിക്കാനാണ് മെഡിക്കൽ കോളേജ് അധികാരികൾ ശ്രമിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.
3,822 പേർക്ക് കൊവിഡ്
തൃശൂർ : 3,822 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 5,905 പേർ രോഗമുക്തരായി. കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,11,563 ആണ്. 5,81,900 പേരാണ് ആകെ രോഗമുക്തരായത്. ശനിയാഴ്ച സമ്പർക്കം വഴി 3,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ആറ് പേർക്കും, ആരോഗ്യ പ്രവർത്തകരായ 17 പേർക്കും, ഉറവിടം അറിയാത്ത അഞ്ച് പേർക്കും രോഗബാധയുണ്ടായി. നിലവിൽ 35 ക്ലസ്റ്ററുകളാണുള്ളത്. വിദ്യാഭ്യാസ സ്ഥാപനം, ഹോസ്റ്റൽ, ആരോഗ്യ സ്ഥാപനം, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. ഇതുവരെ 47,97,056 ഡോസ് കൊവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,45,034 പേർ ഒരു ഡോസ് വാക്സിനും, 21,91,753 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.