ചാലക്കുടി: കലാഭവൻ സ്മാരക പാർക്കിന്റെ രണ്ടാംഘട്ടം നിർമ്മാണ പ്രവൃത്തികൾക്കായി പാർക്കിന്റെ റീഡിസൈനിംഗ് തയ്യാറാക്കുന്നതിന് വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ സുവർണജൂബിലി സ്മാരകമായി നിർമ്മിക്കുന്ന സുവർണഗൃഹം പദ്ധതിക്ക് 10 സെന്റ് ഭൂമി സൗജന്യമായി നൽകാമെന്ന് ടോണി മാളിയേക്കൽ പുല്ലൻ ഫ്രാൻസീസിന്റെ ഓഫർ കൗൺസിൽ അംഗീകരിച്ചു. 7ാം വാർഡിൽ അങ്കണവാടിയും വയോജന മന്ദിരവും നിർമ്മിക്കുന്നതിന് 5 സെന്റ് സ്ഥലം നൽകാമെന്ന ഇടശ്ശേരി ഫാമിലിയുടെ ഓഫർ കൗൺസിൽ അംഗീകരിച്ചു.
പോട്ട താണിപാറ ഒന്നാം വാർഡിൽ നഗരസഭ സൗജന്യമായി അനുവദിച്ച 50 സെന്റ് ഭൂമിയിൽ ബി.എഡ്. കോളേജ് കെട്ടിടം അടിയന്തരമായി നിർമ്മാണം ആരംഭിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോട് പ്രമേയം വഴി ആവശ്യപ്പെട്ടു. കൗൺസിലർമാരായ ജിജി ജോൺസൻ, എബി ജോർജ്ജ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. കൊവിഡ് രണ്ടാംഘട്ടം പ്രതിരോധ പ്രവർത്തനങ്ങൾക്കായി 14 ലക്ഷം രൂപയുടെ ചെലവിന് കൗൺസിൽ അംഗീകാരം നൽകി.
എൽ.എ.ആർ കേസുകളുമായി ബന്ധപ്പെട്ട ബാദ്ധ്യത തീർക്കുന്നതിലേക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് 24 കോടി രൂപ വായ്പ എടുക്കുന്നതിനും ഇതിനായി സർക്കാരിന്റെ അനുമതി വാങ്ങുവാനും യോഗം തീരുമാനിച്ചു. ഓൺലൈനിൽ നടന്ന യോഗത്തിൽ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, അഡ്വ.ബിജു ചിറയത്ത്, ഷിബു വാലപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.