പാവറട്ടി: മഹാത്മാഗാന്ധി തൊഴിലുപ്പ് പദ്ധതിയിൽ പ്രവൃത്തി ചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് രണ്ടു മാസമായി കൂലി നൽകാതെ കേന്ദ്ര സർക്കാരിന്റെ കള്ളക്കളി. മാത്രമല്ലാ തൊഴിലുറപ്പ് തൊഴിലാളികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജനറൽ വിഭാഗമെന്നും പട്ടികജാതി വിഭാഗമെന്നും രണ്ട് വിഭാഗമായി തിരിച്ചിട്ടുമുണ്ട്. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് കൂലി മുടങ്ങാതെ കിട്ടുന്നുണ്ട്. കൂടെ ഒരേ ജോലി ചെയ്യുന്നവർക്ക് കൂലി ലഭിച്ചു എന്നറിഞ്ഞ് പട്ടികജാതി വിഭാഗത്തിൽപെട്ടവർ ബാങ്കിൽ അന്വേഷിക്കുമ്പോഴാണ് തങ്ങളുടെ കൂലി ബാങ്ക് അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് അറിയുന്നത്. ഒരേ തൊഴിലെടുക്കുന്ന തൊഴിലാളികളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭാഗം തിരിച്ചതിൽ എല്ലാ വിഭാഗത്തിലും പ്രതിഷേധമുയരുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ രണ്ടാംവാരം മുതൽ പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭ്യമാകുന്നില്ല. ഡിസംബർ രണ്ടാംവാരം മുതൽ പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ല. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലെയും പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. കൊവിഡ് മഹാമാരി മൂലം മറ്റ് തൊഴിൽ സാദ്ധ്യതകൾ വിരളമായ കാലഘട്ടത്തിൽ വീട്ടിൽ ഒരാൾക്ക് ലഭിക്കുന്ന തൊഴിലുറപ്പ് കൂലിയാണ് മിക്ക പട്ടികജാതി കുടുംബങ്ങളുടെയും ഏക വരുമാന മാർഗം. കുടുംബം പോറ്റാൻ കഷ്ടപ്പെടുകയാണ് എന്നാണ് മിക്ക തൊഴിലാളികളും പറയുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പലരും അമിത പലിശയ്ക്ക് കടം വാങ്ങുന്നതായും അറിയുന്നു.

തുക നിക്ഷേപിക്കുന്നത് കേന്ദ്രം
പദ്ധതിപ്രകാരമുള്ള കൂലി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നേരിട്ട് നിക്ഷേപിക്കുകയാണ്. വർഷത്തിൽ 100 ദിവസമാണ് തൊഴിൽ ലഭിക്കുക. ഒരു ദിവസം ലഭിക്കുന്നത് കൂലിയായി 291 രൂപയും ആയുധവാടക ഇനത്തിൽ 5 രൂപയും കൂടി മൊത്തം 296 രൂപയാണ്.

പദ്ധതിയിലെ ജാതി വിവേചനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് പട്ടികജാതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം
-തൊഴിലാളികൾ.