kunjukunju

ചാലക്കുടി: ഓരോ നെൽമണിയിലും ആ പേരെഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷേ ഒരു കാലത്ത് അതിരപ്പിള്ളി വെറ്റിലപ്പാറ അത്തിക്കൽ എബ്രഹാമിന്റെ ചെല്ലപ്പേരിലാണ് ഒരു നെൽവിത്ത് തന്നെ കൃഷിക്കാർ നെഞ്ചേറ്റിയത്. കുഞ്ഞുകുഞ്ഞ്. ഇടുക്കിയിലെ പാടശേഖരങ്ങൾ കീഴടക്കിയ ഇതിനെ തിരിച്ചറിഞ്ഞതും പ്രചാരത്തിലാക്കിയതും മറ്റാരുമായിരുന്നില്ല, തൊടുപുഴ കരുവണ്ണൂർ ഗ്രാമത്തിലെ പുരാതനമായ കർഷക കുടുംബത്തിലെ മൂത്തമകനായ എബ്രഹാം (93)​.

ഇരുപതാമത്തെ വയസിലാണ് എബ്രഹാമെന്ന കുഞ്ഞുകുഞ്ഞ് പാടത്തിറങ്ങിയത്. പിതാവ് വർഗീസിനെ സഹായിക്കലായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബവും കൃഷിയുമെല്ലാം ചുമലിലായി. ഇതിനിടയിലായിരുന്നു ഇന്ത്യാ ചൈന യുദ്ധം. നാട്ടിലെ ഭക്ഷ്യക്ഷാമം മറികടക്കാൻ കേന്ദ്ര സർക്കാർ വിവിധയിനം നെൽവിത്ത് വിതരണം ചെയ്തു.

പാടം നിറഞ്ഞ നെൽച്ചെടികളിൽ നിന്നും ആകർഷകമായ ഒരു വിഭാഗത്തെ തരം തിരിച്ചെടുത്ത് മൂന്നു വർഷം കൊണ്ട് അതിനെ പുതിയ ജനുസായി വികസിപ്പിച്ചു. പ്രതിരോധ ശക്തിയും വിളവും കൂടുതലുള്ള ഈ ജനുസിനെ ഇടുക്കിക്കാർ നെഞ്ചേറ്റി. ഒരു പേരുമില്ലാതായപ്പോൾ നാട്ടുകാർ കുഞ്ഞുകുഞ്ഞെന്ന് പേരിട്ടു. അധികം വൈകാതെ പാലക്കാട്, എറണാകുളം ജില്ലകളിൽ ഇതു നിറഞ്ഞുനിന്നു.

1950 കാലഘട്ടത്തിലാണ് കുടുംബസമേതം എബ്രഹാം അതിരപ്പിള്ളി പഞ്ചായത്തിലെ പതിമൂന്നിലെത്തിയത്. ഇവിടെ നടത്തിയ കൃഷി വന്യ മൃഗശല്യത്താൽ പച്ച പിടിച്ചില്ല. എന്നാൽ വടക്കൻ പ്രദേശത്ത് വലിയ സ്വീകാര്യതയുണ്ടായി. താൻ വികസിപ്പിച്ചെടുത്ത വിത്തിന് പേറ്റന്റ് ലഭിക്കാൻ അദ്ദേഹം നടത്തിയ ശ്രമമെല്ലാം വൃഥാവിലായി.

സങ്കരയിനം വിത്തുകളുടെ കടന്നുവരവോടെ നാടൻ നെൽക്കൃഷിയോടൊപ്പം കുഞ്ഞുകുഞ്ഞ് വിത്തും പാടങ്ങളിൽ നിന്നൊഴിഞ്ഞു. ഇന്നവ എവിടെയുണ്ടെന്ന് പോലും അറിയില്ല, വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയ കാരണവർക്ക്. എങ്കിലും പുതിയൊരു വിത്തിനെ പ്രചാരത്തിലാക്കിയ തന്റെ പ്രവർത്തനങ്ങളെ വള്ളി പുള്ളി തെറ്റാതെ ഇന്നും പറയാൻ അപ്പൂപ്പന് ആവേശം.