പാവറട്ടി: വാഹനങ്ങളുടേയും തെരുവുപട്ടികളുടെയും ശല്യമില്ലാതെ ഇനി പറപ്പൂരുകാർക്ക് സധൈര്യം നടക്കാം. പറപ്പൂർ സെന്റ് ജോൺസ് എൽ.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളുടെ നടുമുറ്റം പ്രഭാത സവാരിക്കാർക്കായി തുറന്നു കൊടുത്തു. പുതുതായി നിർമ്മാണം പൂർത്തീകരിച്ച സ്‌കൂൾ ബിൽഡിംഗുകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിനു ചുറ്റും 4 മീറ്റർ വീതിയിൽ ക്രമീകരിച്ചിരിക്കുന്ന നടപ്പാതയ്ക്ക് 230 മീറ്റർ നീളമുണ്ട്. 10 ലക്ഷം രൂപ ചെലവിൽ ടൈൽ പാകി തയ്യാറാക്കിയിരിക്കുന്ന നടപ്പാത ഇനി നാട്ടുകാർ പ്രഭാത സവാരിക്കുപയോഗിക്കും. സംസ്ഥാനത്തെ മിക്കവാറും സ്‌കൂൾ ഗ്രൗണ്ടുകളിലും വ്യായാമത്തിന് പൊതുജനങ്ങൾക്കു സൗകര്യമുണ്ടെങ്കിലും സ്‌കൂൾ ഗ്രൗണ്ടിനു പുറമെ വിദ്യാലയ മുറ്റം തന്നെ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകുന്ന സംസ്ഥാനത്തെ തന്നെ ഏക നിലവാരമുള്ള നടപ്പാതയാണ് പറപ്പൂർ സെന്റ് ജോൺസ് സ്‌കൂളിലേത്.