ramakrishnan

ചാലക്കുടി: ഹിറ്റ് സിനിമ ആരോമലുണ്ണി പുറത്തിറങ്ങിയിട്ട്, അമ്പതാണ്ട് പിന്നിടുമ്പോൾ നസീറിനെ അനുകരിച്ച് ആനപ്പുറമേറി നഗരം ചുറ്റിയ കൂടപ്പുഴ കാട്ടുപറമ്പിൽ രാമകൃഷ്ണന് എഴുപത്തൊന്ന് പിന്നിട്ടു. 1975ൽ അടിയന്തരാവസ്ഥയുടെ അലയൊലികൾ അന്തരീക്ഷത്തിൽ പരക്കുന്നതിന് മുമ്പുള്ള കാലമാണ്. സിനിമയുടെ പ്രചരണാർത്ഥം അക്കാലത്ത് ആനപ്പുറമേറിയ ആരോമലുണ്ണി ഗതകാല സ്മരണ അയവിറക്കി ഇപ്പോഴും കൂടപ്പുഴയിലെ വീട്ടിലുണ്ട്.

വെളുത്തമുടിയും നീട്ടിയതാടിയുമായി ആദ്യകാലത്തെ ആ സുന്ദരപുരുഷൻ ഒരു ആക്ഷൻ ത്രില്ലർ സിനിമാക്കഥ പോലെ സംഭവങ്ങൾ വിവരിക്കുന്നു. ചാലക്കുടിയിലെ സിനിമാ ടാക്കീസായിരുന്ന കൂടപ്പുഴയിലെ സഖിയുമായി രാമകൃഷ്ണന് തികഞ്ഞ ആത്മബന്ധമായിരുന്നു. പാല് വിൽപ്പനയ്‌ക്കെത്തിയിരുന്ന രാമകൃഷ്ണൻ, പതിയെ ടിക്കറ്റ് കൊടുക്കാനും മുറിക്കാനുമെല്ലാം സഹായിയായി. പ്രതിഫലമായി എല്ലാ സിനിമകളും കാണാം. അക്കാലത്താണ് ഉദയായുടെ ആരോമലുണ്ണി സിനിമ റിലീസായെത്തിയത്. നിറഞ്ഞ സദസിൽ നാലാം വാരം പിന്നിട്ടപ്പോൾ സംഗതി കൊഴുപ്പിക്കണമെന്ന് നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോ തീരുമാനിച്ചു. ആനപ്പുറത്തെ എഴുന്നള്ളിപ്പ് വേണം. അതിന് പ്രേംനസീറിനെ അനുകരിക്കാൻ ഒരു സുന്ദരനെ വേണം. 21 കാരൻ ചുള്ളൻ രാമകൃഷ്ണനെ ആരോമലുണ്ണിയാക്കാമെന്നായി തിയേറ്റർ നടത്തിപ്പുകാർ. കൂടെ ചന്ദ്രപ്പൻ എന്ന കഥാപാത്രത്തെ അനുകരിച്ച് കൂടപ്പുഴയിലെ മണപ്പറമ്പിൽ ജോയുമെത്തി.

കൊട്ടും മേളവും ആനപ്പുറം യാത്രയുമായി ഒരാഴ്ച ചുറ്റിയടിച്ചു. സൗന്ദര്യത്തിൽ സാക്ഷാൽ പ്രേംനസീറിനെ പിന്നിലാക്കിയ ആ യാത്ര ജനത്തിന്റെ മനംകവർന്നു. തിയേറ്ററിൽ നൂറ് ദിവസം ചിത്രം കളിച്ചു. വിവാഹത്തിന്റെ അഞ്ചാം ദിവസം വധു, കമലയുടെ ഒന്നാം തരം സാരിയാണ് ആരോമലുണ്ണി വേഷത്തിന് തിളക്കം കൂട്ടിയത്. പിന്നീട് ജോലി തേടി ഷാർജയിലേക്ക് പോയെങ്കിലും വിസയില്ലാത്തതിനാൽ മദ്രാസിൽ തിരിച്ചിറങ്ങി. മുൻപരിചയം കൊണ്ട് ഉദയാ സ്റ്റുഡിയോയിലെത്തിയപ്പോൾ ചുവരിൽ ജോയിയുടെയും തന്റെയും ഫോട്ടോ കണ്ട് ഞെട്ടിയ കഥയും പങ്കുവച്ചു.

കുലത്തൊഴിലായ ചെത്തും ക്ഷീര കർഷക വൃത്തിയും കുടുംബ ക്ഷേത്രത്തിലെ വെളിച്ചപ്പാടുമെല്ലാമായി പല ജീവിതവേഷങ്ങളുമിട്ടു. പക്ഷേ അഭ്രപാളിയിലെ വേഷം കിട്ടാതെ പോയത് നിർഭാഗ്യം കൊണ്ടാണെന്ന് രാമകൃഷ്ണൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നു.