
തൃശൂർ: കേന്ദ്ര സൂ അതോറിറ്റിയുടെ അനുമതി കിട്ടിയാലുടൻ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷികളെത്തും. അതോറിറ്റിയുടെ കമ്മിറ്റി ചേർന്നുകഴിഞ്ഞ ശേഷമാണ് പക്ഷിമൃഗാദികളുടെ മാറ്റം സാദ്ധ്യമാകുക. ഉടനെ പക്ഷികളെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൂർ പാർക്ക് അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ദേശീയപക്ഷിയായ മയിലും കാടപക്ഷികളും തത്തയും വേഴാമ്പലും ലൗ ബേർഡ്‌സും അടക്കമുള്ള പക്ഷികളാണ് മൃഗശാലയിൽ നിന്നെത്തുക. തൊട്ടുപിന്നാലെ മറ്റുജീവികളെ കൊണ്ടുവരും. ആദ്യഘട്ട നിർമ്മാണത്തിൽ ഉൾപ്പെട്ടിരുന്ന നാലു കൂടുകളും പൂർത്തിയായി. കാട്ടുപോത്തിന്റേതാണ് ഇതിൽ വലിപ്പം കൂടിയ കൂടുകളിലൊന്ന്. ഇതിന്റെ വിസ്തൃതി ഒരേക്കറോളമുണ്ടാകും. നാല് കാട്ടുപോത്തുകളെ പാർപ്പിക്കാം. മൂന്ന് ആണിനെയും ഒരു പെണ്ണിനെയും തിരുവനന്തപുരം മൃഗശാലയിൽ നിന്നെത്തിക്കും. മയിൽ, പ്രാപ്പിടിയൻ തുടങ്ങിയവയ്ക്ക് വെവ്വേറെ കൂടൊരുക്കും.
ഈ വർഷം പാർക്ക് തുറക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. നിരവധി തവണ മുടങ്ങിയും മുടന്തിയും നീങ്ങിയ പുത്തൂർ സുവോളജിക്കൽ പാർക്ക് ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതോടെ തൃശൂരിന്റെ വികസനത്തിനും വഴിയൊരുങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തൃശൂർ നഗരമദ്ധ്യത്തിലെ മൃഗശാല വികസിപ്പിക്കണമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കാലങ്ങളായുള്ള ആവശ്യമായിരുന്നു. വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന പദ്ധതിയാണെങ്കിലും കിഫ്ബി പദ്ധതിയിലൂടെ പാർക്കിന് ജീവൻ വയ്ക്കുകയായിരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ ഫണ്ട് ഉപയോഗത്തിൽ ഒന്നാം സ്ഥാനം പുത്തൂർ സുവോളജിക്കൽ പാർക്കിനാണ്.
നിർമ്മാണം കഴിഞ്ഞ കൂടുകൾ
കരിങ്കുരങ്ങ്
സിംഹവാലൻ കുരങ്ങ്
കാട്ടുപോത്ത്
പക്ഷിക്കൂടുകൾ
പദ്ധതിയുടെ മതിപ്പു ചെലവ്: 330 കോടി
കിഫ്ബിയിൽ നിന്ന് : 269 കോടി
ഗ്‌ളാസ് ഷെൽറ്ററുകളും റെഡി
സിംഹവാലന്റേയും മറ്റ് കുരങ്ങുകളുടേയും കൂടുകൾ ഗ്‌ളാസ് ഷെൽറ്ററിൽ നിന്ന് കാണാം. ഇവയ്ക്ക് അര ഏക്കറോളം വിസ്തൃതിയുണ്ടാകും. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ആറ് സിംഹവാലൻ കുരങ്ങുകളെയെത്തിച്ചേക്കും. തൃശൂർ മൃഗശാലയിൽ നിന്ന് ഒൻപത് കുരങ്ങുകളേയും എത്തിക്കും. ഡിസംബറിൽ തന്നെ പാർക്കിലേക്ക് പക്ഷികളെ എത്തിക്കാനാകുമെന്ന പ്രതീക്ഷ കാലം തെറ്റിയ മഴയിൽ പൊലിയുകയായിരുന്നു. വെള്ളക്കെട്ടുണ്ടായതോടെ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് തടസം നേരിട്ടു. ഇതേത്തുടർന്ന് നിരവധിദിവസം നിർമ്മാണം നിറുത്തിവച്ചു. അഴുക്കുചാലിന്റെ പണികളും മഴയിൽ തടസപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചൻ, സ്‌റ്റോർ റൂം സമുച്ചയം എന്നിവയും പൂർത്തിയായിട്ടുണ്ട്. 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനവും പൂർത്തിയാക്കിയിരുന്നു.
മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനം നാൽപ്പത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അതിവേഗം നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.
നിബു കിരൺ
സ്‌പെഷൽ ഓഫീസർ, പുത്തൂർ പാർക്ക്