തൃപ്രയാർ: ശ്രീനാരായണഗുരു പിഴുതെറിഞ്ഞ ജാത്യാചാരങ്ങളെ പുനഃപ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ തന്ത്രി പത്മനാഭൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മൺമറഞ്ഞ ദുരാചാരങ്ങൾ വീണ്ടും തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തഷ്ണാത്ത് കുറ്റപ്പെടുത്തി. ഇപ്പോഴും ജാതിചിന്തയുമായാണ് തന്ത്രിയെപ്പോലുള്ളവർ നടക്കുന്നത്.
ഇവർ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം ഒഴിയണം. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം എകാദശിയിൽ ഗുരുദേവ ചരിതം കഥകളി അവതരിപ്പിക്കാൻ ആദ്യം ക്ഷേത്ര കമ്മിറ്റി അനുമതി നൽകിയിരുന്നു. എന്നാൽ ഇതേ തന്ത്രി തന്നെ പിന്നീട് അത് നിഷേധിച്ചു. ആ തന്ത്രി തന്നെയാണ് എടവിലങ്ങ് ശിവ ക്ഷേത്രത്തിൽ കാൽകഴുകിച്ചൂട്ട് എന്ന ആചാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം തന്ത്രിമാരെ തത്‌സ്ഥാനത്തുനിന്ന് നീക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും തഷ്ണാത്ത് ആവശ്യപ്പെട്ടു.