കുന്നംകുളം: പഴഞ്ഞി ഗവ. സ്‌കൂൾ ഗ്രൗണ്ടിൽ പുതിയ വോളിബാൾ കോർട്ട് ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ വോളിബാൾ കോർട്ട് തയ്യാറാക്കുന്നത്. ഫ്‌ളഡ്‌ലിറ്റ് സൗകര്യത്തോടെ സംസ്ഥാനതല മത്സരങ്ങൾ കൂടി നടത്താവുന്ന രീതിയിലാണ് കോർട്ട് നിർമ്മാണം. 388 തൊഴിൽദിനങ്ങൾ കൊണ്ടാണ് വോളിബാൾ കോർട്ട് ഒരുക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി എൻജിനിയർ അജിത അജയൻ, ഓവർസിയർ പി.സി. സുമേഷ് തൊഴിലുറപ്പ് തൊഴിലാളികളായ പി. സിന്ധു, പി. രത്‌നമണി എന്നിവർ നിർമാണത്തിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. ഹരിദാസൻ, പഞ്ചായത്ത് അംഗങ്ങളായ ബബിത ഫിലോ, കെ.ടി. ഷാജൻ, പി.ടി.എ പ്രസിഡന്റ് സി.ജി. രഘുനാഥ്, സാബു ഐന്നൂർ, കായികാദ്ധ്യാപകൻ പി. സുജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
കോർട്ട് നിർമ്മാണം
കോർട്ട് ഒരുക്കുന്നതിനായി ആദ്യം മണ്ണ് നിരത്തി അതിനു മുകളിൽ പൊളിച്ച ഓടുകൾ നിരത്തി. മണ്ണിട്ട് യന്ത്ര സഹായത്തോടെ നിരപ്പാക്കി മുകളിൽ മാറ്റ് വിരിക്കുന്നതാണ് പ്രവൃത്തി. 15 മീറ്റർ വീതിയും 28 മീറ്റർ നീളവുമാണ് കോർട്ടിനുള്ളത്. പന്ത് പുറത്തുപോകാതിരിക്കാൻ കോർട്ടിന് ചുറ്റും 14 മീറ്റർ ഉയരത്തിൽ നെറ്റ് കെട്ടും.